30 January, 2020 01:01:01 PM
ടൂറിസ്റ്റു ബസുകള്‍ക്കും യൂണിഫോം: അലങ്കാരപ്പണികളില്ല, നിറം വെള്ള; പേര് 'ടൂറിസ്റ്റ്' എന്ന് മാത്രം
തിരുവനന്തപുരം : എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും ഏകീകൃത നിറം ഏര്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍. ടൂറിസ്റ്റു ബസ് ഉടമകള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് ഈ സര്‍ക്കാര്‍ നടപടി. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍ ശ്രീലേഖ അധ്യക്ഷയായ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടേതാണ് ഈ തീരുമാനം. ബസുകളുടെ അകത്തുള്ള ലൈറ്റുകളും സീറ്റുകളും ഉള്‍പ്പെടെ എങ്ങനെ വേണമെന്ന് കേന്ദ്ര ഗതാഗത നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെയാണ് ഇതൊക്കെ കാറ്റില്‍പ്പറത്തിയുള്ള നിയമലംഘനങ്ങള്‍ പെരുകുന്നത്.
നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ സിനിമാ താരങ്ങളുടെയും മോഡലുകളുടെയും ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ഈ മേഖലയിലെ മത്സരത്തിന്‍റെ ഭാഗമായി ബസുകളില്‍ പതിച്ചിരിക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്നുവെന്നും ഇത് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു എന്നുമുള്ള കണ്ടെത്തലാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തുന്നതിലേയ്ക്ക് എത്തിച്ചിരിക്കുന്നതെന്നാണ് സൂചന.
ടൂറിസ്റ്റു ബസുകളുടെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് പേരിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പുതിയ നിയമപ്രകാരം ടൂറിസ്റ്റു ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യ ഭാഗത്ത് കടുംചാര നിറത്തിലുള്ള വരയും മാത്രമേ പാടുള്ളൂ. മറ്റ് നിറങ്ങളിലുള്ള എഴുത്തുകളോ ചിത്രപ്പണികളോ അലങ്കാരങ്ങളോ പാടില്ലെന്നാണ് നിര്‍ദേശം. ബസിന്റെ മുന്‍ഭാഗത്ത് മറ്റ് പേരുകള്‍ക്ക് പകരം 'ടൂറിസ്റ്റ്' എന്നു മാത്രമേ എഴുതാന്‍ പാടുള്ളൂ.
ബസിന്‍റെ പിന്‍വശത്ത് ഓപ്പറേറ്ററുടെ പേര് പരമാവധി 40 സെന്റീമീറ്റര്‍ ഉയരത്തില്‍ എഴുതാം. ടൂറിസ്റ്റ്, ടാക്‌സി വാഹനങ്ങള്‍ക്ക് അനുവദിച്ച വെള്ള നിറമാണ് കോണ്‍ട്രാക്ട് കാരേജ് ബസുകള്‍ക്കും ബാധകമാക്കിയിരിക്കുന്നത്. ചാരനിറത്തിലെ വരയ്ക്ക് 10 സെന്റീമീറ്റര്‍ വീതി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകളും ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുന്ന വാഹനങ്ങളും നിയമാനുസൃതമായ നിറത്തിലേയ്ക്ക് മാറ്റണം.
2018 ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നിര്‍ബന്ധമാക്കിയിരുന്നു. സിറ്റി, മൊഫ്യൂസല്‍, ലിമിറ്റഡ് സ്‌റ്റോപ്പ് എന്നിങ്ങനെ സര്‍വീസുകള്‍ തരം തിരിച്ച് മൂന്ന് നിറങ്ങളാണ് സ്വകാര്യ ബസുകള്‍ക്ക് അനുവദിച്ച് നല്‍കിയത്. ഇതിന്‍റെ ചുവടു പിടിച്ച് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കും യൂണിഫോം നല്‍കാനാണ് നിലവിലെ സര്‍ക്കാര്‍ തീരുമാനം.