25 December, 2019 11:07:47 AM
പട്ടിണിമൂലം കുട്ടികൾ മണ്ണ് തിന്നെന്ന പ്രചരണം: ശിശുക്ഷേമ സമിതി മുന്‍ സെക്രട്ടറി ദീപക്കിനെ സിപിഎം തരംതാഴ്ത്തി
തിരുവനന്തപുരം: ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറി എസ് പി ദീപക്കിനെതിരെ നടപടിയെടുത്ത് സിപിഎം. വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ദീപക്കിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് കൈതമുക്കില്‍ കുട്ടികള്‍ പട്ടണി മൂലം മണ്ണ് തിന്നെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം ജില്ലാക്കമ്മറ്റി ചേര്‍ന്നാണ് തീരുമാനമെടുത്തത്. കൈതമുക്ക് സംഭവത്തിനു പിന്നാലെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനം ദീപക്കിനെ കൊണ്ട് പാര്‍ട്ടി രാജിവെപ്പിച്ചിരുന്നു.
കൈതമുക്കില്‍ ദാരിദ്രം മൂലം അമ്മ നാലു കുട്ടികളെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു കുട്ടികള്‍ മണ്ണുതിന്നെന്ന പരാമര്‍ശം ദീപക് നടത്തിയത്. ഇതോടെ സംഭവം വന്‍ വിവാദമാകുകയും സര്‍ക്കാരിന് നാണക്കേടാകുകയും ചെയ്തു. ആരോഗ്യമേഖലയില്‍ കേരളം വന്‍ മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെടുമ്പോഴുള്ള സംഭവം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായി. ദീപക്കിന്‍റെ വാദം ബാലാവകാശ കമ്മീഷനും കുട്ടികളുടെ അമ്മയും നിഷേധിക്കുകയും ചെയ്തിരുന്നു.
അമ്മയുടെ പേരില്‍ ശിശുക്ഷേമ സമിതിക്ക് കത്തെഴുതിയത് വഞ്ചിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന് സിപിഎമ്മിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തെ കുറിച്ച് ദീപക്ക് വിശദമായ അന്വേഷണം നടത്തിയില്ലെന്നും ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയത് അങ്ങനെ തന്നെ വായിക്കുകയായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.