20 December, 2019 04:10:13 PM


മംഗലാപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെ വിട്ടയച്ചു



മംഗളുരു: മംഗലാപുരത്ത് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരെ ഏഴു മണിക്കൂറിന് ശേഷം കർണാടക പൊലീസ് വിട്ടയച്ചു. ഇവരെ കർണാടക പൊലീസ്  കേരളാ അതിര്‍ത്തിയിലെത്തിച്ചു. തലപ്പാടിയിലാണ് ഇവരെ എത്തിച്ചത്.  പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവർത്തകരെ രാവിലെയാണ് കസ്റ്റഡിയിലെടുത്തത്.


ന്യൂസ് 18 കേരള ക്യാമറാമാൻ സുമേഷ് മൊറാഴ, ഏഷ്യാനെറ്റ് ന്യൂസിലെ മുജീബ് റഹ്മാൻ, പ്രതീഷ് കപ്പോത്ത്, 24 ന്യൂസിന്റെ ആനന്ദ് കോട്ടില, രഞ്ജിത്ത് മഞ്ഞപ്പാടി, മീഡിയാവൺ ചാനലിന്റെ ഷബീര്‍ ഒമര്‍, അനീഷ് കാഞ്ഞങ്ങാട് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളം പോലും നൽകാൻ പൊലീസ് തയ്യാറായില്ലെന്ന് സുമേഷ് മോറാഴ പറഞ്ഞു.


വാർത്ത പുറത്തുവന്നതോടെ പൊലീസ് കസ്റ്റഡിയിലായ മലയാളി മാധ്യമ പ്രവർത്തകരെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് കർണ്ണാടക സർക്കാരുമായി ബന്ധപ്പെട്ടു. കസ്റ്റിഡിയിലെടുത്തവരിൽ രണ്ടുപേരെ വിട്ടയച്ചുവെന്നാണ് ആദ്യം കർണ്ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമൈ പറഞ്ഞത്. അയൽ സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും ആഭ്യന്തരമന്ത്രി ആവർത്തിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K