16 December, 2019 12:00:35 AM
രക്ഷകനായി 'ഉള്ളി': ആത്മഹത്യ ചെയ്യാനിരുന്ന കര്‍ഷകന്‍ കോടീശ്വരനായി
ബംഗളുരു: ഉള്ളിയുടെ വിലകയറ്റം സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്നതിലും കൂടുതലായപ്പോള്‍ കര്‍ഷകകുടുംബങ്ങള്‍ക്ക് അത് രക്ഷയായി മാറി. കടക്കെണിയില്‍ ആത്മഹത്യയുടെ മുനമ്പിലെത്തിയ കര്‍ഷകര്‍ക്കാണ് ഉള്ളിയുടെ വിലക്കയറ്റം ലോട്ടറിയായി മാറിയത്. കര്‍ണാടക ചിത്രദുര്‍ഗയിലെ ഉള്ളി കര്‍ഷകനായ മല്ലികാര്‍ജുനെ ഇത്തരത്തില്‍ ആത്മഹത്യയിൽ നിന്നും രക്ഷപെട്ടയാളാണ്. ഒരു മാസം മുമ്പ് കൃഷി നഷ്ടത്തിലായി കടം കയറിയ കര്‍ഷകനിപ്പോള്‍ കോടിപതിയാണ്.
വിള നശിച്ചതിലൂടെയും വില താഴ്ന്നതിലൂടെയും കടം കയറി. വീണ്ടും ബാങ്ക് ലോണെടുത്താണ് ഉള്ളി കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. ഈ വിളകൂടി നശിച്ചാല്‍ ജീവനൊടുക്കേണ്ടി വരുമായിരുന്നു. കടം കയറി ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴാണ് റോക്കറ്റ് പോലെ ഉള്ളി വില കുതിച്ചത്.ആ സമയത്ത് തന്നെ വിളവെടുപ്പിന് പാടവും ഒരുങ്ങിയതോടെ ജീവിതം തന്നെ മാറി. ഉള്ളിവില എനിക്കും എന്‍റെ കുടുംബത്തിനും ഭാഗ്യം കൊണ്ടുവന്നു എന്നാണ് അദ്ദേഹം പറയുന്നത്. 15 ലക്ഷം മുതല്‍മുടക്കിയാണ് കൃഷി ഇറക്കിയത്. അഞ്ച് ലക്ഷം വരെ ലാഭം കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ഇപ്പോൾ ഒരു കോടിയിലേറെ രൂപ ലാഭം കിട്ടിയെന്നാണ് കർഷകൻ പറയുന്നത്.
കുടുംബാംഗങ്ങളും മല്ലികാര്‍ജുനയും രാപ്പകല്‍ കാവലിരുന്നാണ് വിള മോഷ്ടാക്കളില്‍ നിന്ന് രക്ഷിച്ചത്. 10 ഏക്കറാണ് മല്ലികാര്‍ജുനക്ക് സ്വന്തമായുള്ളത്. 10 ഏക്കര്‍ കൂടി പാട്ടത്തിനെടുത്താണ് ഉള്ളികൃഷിയിറക്കിയത്. ഉള്ളി വില കിലോക്ക് 200 രൂപയിലെത്തിയ സമയത്താണ് 240 ടണ്‍ ഉള്ളി വിളവെടുത്തത്. നവംബര്‍ ആദ്യം ക്വിന്‍റിലിന് 7000 രൂപ നിരക്കിലാണ് ഉള്ളി വിറ്റത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ക്വിന്‍റലിന് 12,000 രൂപയായി. പിന്നീട് 20,000 രൂപവരെ ലഭിച്ചു.