13 December, 2019 09:59:38 PM
മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി ഇടപാട് കേസ്: തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി ഇടപാട് കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപത്തെ സഭാ ഭൂമി വില്‍പനയിലൂടെ സഭയെ വഞ്ചിച്ചു എന്ന കേസിലാണ് തുടര്‍ നടപടി സ്റ്റേ ചെയ്തത്. തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയാണ് കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുത്തത്.
കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കു പുറമേ മുന്‍ പ്രൊക്യൂറേറ്റര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് കേസിലെ പ്രതികള്‍. വഞ്ചന, ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കോടതി നേരിട്ട് കേസ് എടുത്തിരുന്നത്. ഭൂമി ഇടപാടില്‍ 50.28 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതി.






