09 December, 2019 04:13:08 PM
മരണശേഷം നായനാരെ പാര്‍ട്ടിയും സര്‍ക്കാരും അവഗണിച്ചു; വിമര്‍ശനവുമായി ശാരദ ടീച്ചര്‍
കൊച്ചി : ഇകെ നായനാരുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നായനാരുടെ ഭാര്യ ശാരദടീച്ചര്‍. മരണശേഷം നായനാരെ പാര്‍ട്ടിയും സര്‍ക്കാരും അവഗണിച്ചെന്നും നായനാരുടെ ജന്മശതാബ്ദി വേണ്ടവിധം ആഘോഷിച്ചില്ലെന്നും ശാരദ ടീച്ചര്‍ പറഞ്ഞു. പാര്‍ട്ടിക്ക് എന്താണ് പറ്റിയതെന്ന് അറിയില്ല. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും സമയമില്ലെങ്കില്‍ മറ്റ് നേതാക്കളില്ലെയെന്നും ശാരദടീച്ചര്‍ ചോദിക്കുന്നു.
കോടിയേരി അസുഖം കാരണം രംഗത്തില്ലാത്തതും, മുഖ്യമന്ത്രി മറ്റ് പലകാര്യങ്ങളും ചെയ്യുന്നതുകൊണ്ട് ഇതിനെ പറ്റി ഗാഢമായി ചിന്തിച്ചിട്ടുണ്ടാവില്ല. ഇതാര്‍ക്കും ചെയ്യാം. പാര്‍ട്ടിക്ക് മറ്റ് നേതാക്കന്‍മാരില്ലെയെന്നും ശാരദടീച്ചര്‍ ചോദിച്ചു. നായനാര്‍ അക്കാദമിയുടെ പ്രവര്‍ത്തനവും ശരിയായ നിലയിലല്ല മുന്നോട്ടുപോകുന്നത്. അവിടെ നായനാരുടെ സ്മരണ നിലനിര്‍ത്തുന്ന യാതൊരു പ്രവര്‍ത്തനവും ഇല്ല. എന്താ അതിനെകൊണ്ട് ഉപയോഗം. പിരിച്ച തുക എന്ത് ചെയ്‌തെന്ന് ജനം ചോദിക്കില്ലേ. ഇക്കാര്യങ്ങള്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനോട് സൂചിപ്പിച്ചിരുന്നു. അവിടേക്ക് പോകാന്‍ പോലും തോന്നുന്നില്ല. അക്കാദമിയിലെ നായനാരിന്‍റെ പ്രതിമ പോലും സഖാവിനെ പോലെയല്ലെന്നും ടീച്ചര്‍ പറഞ്ഞു.
നായനാര്‍ ദീര്‍ഘകാലം ജീവിച്ച നഗരമാണ് തിരുവനന്തപുരം. തലസ്ഥാന നഗരിയില്‍ നായനാരുടെ ഒരു പ്രതിമ പോലും ഇല്ല. മാത്രമല്ല നായനാരുടെ പേര് പോലും ഒരിടത്തുമില്ല. അത് നെറികേട് തന്നെയാണ്. മുന്‍ മേയറെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും ശാരദ ടീച്ചര്‍ പറയുന്നു.