09 December, 2019 02:19:09 PM
ദേശീയ പൗരത്വ ഭേദഗതി ബില്‍: മതത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസെന്ന് അമിത് ഷാ
ദില്ലി: ലോക്സഭയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ മുന്നോട്ടുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ എതിര്‍ത്തു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍, ബില്‍ .001 ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നായിരുന്നു ഇതിനുള്ള അമിത് ഷായുടെ മറുപടി.
പ്രതിപക്ഷത്തിന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി നല്‍കാമെന്നും ഇറങ്ങിപ്പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജനം നടത്തിയത് കോണ്‍ഗ്രസാണ്. സ്വാതന്ത്ര്യത്തിന് ശേഷം മതത്തിന്‍റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ബില്ലിന്‍റെ ആവശ്യമില്ലായിരുന്നുവെന്നും അമിത് ഷാ തുറന്നടിച്ചു.
മുസ്ലീം ലീഗ് എം.പി പികെ കുഞ്ഞാലിക്കുട്ടി, തൃണമൂല്‍ എം.പി സൗഗത റോയ്, അസദുദ്ദീന്‍ ഉവൈസി എന്നിവരും ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ന്‍റെ ലംഘനമാണ് പൗരത്വ ഭേദഗതി ബില്ലെന്നായിരുന്നു സൗഗത റോയിയുടെ അഭിപ്രായം. ഇത്തരം നിയമങ്ങളില്‍ നിന്നും ആഭ്യന്തരമന്ത്രിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് പറഞ്ഞാണ് അസദുദ്ദീന്‍ ഉവൈസി പ്രസംഗം ആരംഭിച്ചത്. ഇങ്ങനെ പോകുകയാണെങ്കില്‍ ആഭ്യന്തര മന്ത്രിയുടെ പേര് ഹിറ്റ്ലറിനൊപ്പം ചേര്‍ത്തുവെയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരം ഭാഷ സഭയില്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ് സ്പീക്കര്‍ ഇടപെട്ടു.