06 December, 2019 07:16:21 PM
തരിശുരഹിത പഞ്ചായത്ത് ആകാനൊരുങ്ങി പനച്ചിക്കാട്; ഡിസംബര്‍ അവസാന വാരം വിത്ത് വിതയ്ക്കും
കോട്ടയം: പനച്ചിക്കാട് പഞ്ചായത്തില്‍ തരിശുകിടന്ന് കാടുകയറിയ മുഴുവന്‍ പാടത്തും ഡിസംബര്‍ അവസാന വാരം വിത്ത് വിതയ്ക്കും. 2015-16 വര്‍ഷം 80 ഹെക്ടര്‍ മാത്രമായിരുന്ന പഞ്ചായത്തിലെ നെല്‍കൃഷി ഇതുവരെ 400 ഹെക്ടറായി.
ചാന്നാനിക്കാട്(40 ഹെക്ടര്‍), വീപ്പനടി(14.4ഹെക്ടര്‍), കുഴിമറ്റം(എട്ട് ഹെക്ടര്‍), പാത്താമുട്ടം - മാളികക്കടവ് (10 ഹെക്ടര്‍), പാത്താമുട്ടം - പള്ളിയില്‍ കടവ് (എട്ട് ഹെക്ടര്‍), പാടന്‍ചിറ- തൊട്ടിമൂല(14.8 ഹെക്ടര്‍), ചാമക്കരി - പുറത്തേക്കരി (20 ഹെക്ടര്‍), കല്ലുങ്കല്‍കടവ് - പടിഞ്ഞാറ് (10 ഹെക്ടര്‍), പുന്നയ്ക്കല്‍ പടിഞ്ഞാറ് കരയരിക് (10 ഹെക്ടര്‍) എന്നീ പാടങ്ങളിലാണ് ഈ വര്‍ഷം തരിശുകൃഷി ചെയ്യുന്നത്.
കൃഷിയോഗ്യമല്ലാത്ത മുരിക്കുംമൂല ഭാഗത്തെ ഒന്‍പത് ഏക്കര്‍ ഒഴിച്ച് ബാക്കി പാടങ്ങള്‍ കൃഷി ചെയ്യുന്നതിലൂടെ തരിശുരഹിത പഞ്ചായത്താകാനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഇ. ജി സുനില്‍ കുമാര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ഹരിതകേരളം മിഷന്‍, ജനകീയ സമിതി എന്നിവയുടെ സഹകരണത്തോടെ തോടുകള്‍ വൃത്തിയാക്കി. കൊടൂരാറിന്‍റെ ഉപതോടായ കാടന്‍ചിറ -കൊട്ടി മൂലത്തോട് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ചു കൃഷിയോഗ്യമാക്കി. കൃഷിയ്ക്ക് ആവശ്യമായ വൈദ്യുതിയും വിതയ്ക്കാനുള്ള വിത്തും പഞ്ചായത്ത് കര്‍ഷകര്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്.
ഉമ വിത്തിനമാണ് വിതയ്ക്കുന്നത്. സമഗ്ര നെല്‍കൃഷി വികസന പദ്ധതിയില്‍ തരിശ് കൃഷി ചെയ്യുന്ന കര്‍ഷകന് ഹെക്ടറിന് 5500 രൂപ വീതം സബ്സിഡിയിനത്തില്‍ നല്‍കും. ഭരണ സമിതി നിലവില്‍ വന്ന് രണ്ടാം വര്‍ഷം മുതല്‍ ഉഴവു കൂലിയും പഞ്ചായത്ത് സൗജന്യമായാണ് നല്‍കുന്നത്. നെല്‍കൃഷി പ്രോത്സാഹനത്തിനായി ഈ വര്‍ഷം ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ 21.70 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കൃഷിയുടെ രണ്ടാം ഘട്ടത്തില്‍ തൊഴിലുറപ്പ് അംഗങ്ങളുടെ സഹകരണത്തോടെ പുറംബണ്ട് നിര്‍മ്മാണം, കയര്‍ ഭൂവസ്ത്രം വിരിക്കല്‍ എന്നിവ നടത്തും.