06 December, 2019 06:50:14 PM
സവാള കിലോയ്ക്ക് 25 രൂപ ; വാങ്ങാന്‍ ആന്ധ്രയില്‍ ഉന്തും തള്ളും
വിജയനഗരം: കിലോയ്ക്ക് 25 രൂപ നിരക്കില്‍ സവാള വിതരണം ചെയ്തതോടെ ആന്ധ്രയിലെ വിജയനഗര ജില്ലയിലെ ചന്തയില്‍ ഉന്തും തള്ളും. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കിലോയ്ക്ക് 100 രൂപയ്ക്ക് ഉള്ളി വില്‍ക്കുന്ന സാഹചര്യത്തിലാണ് കിലോഗ്രാമിന് 25 രൂപയെന്ന ഉയര്‍ന്ന സബ്സിഡി നിരക്കില്‍ വിതരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. അതേസമയം ഓരോ കുടുംബത്തിനും ഒരു കിലോഗ്രാം ഉള്ളി മാത്രമേ ലഭിക്കുകയുള്ളു എന്ന വ്യവസ്ഥയിലാണ് വിതരണം.
കുറഞ്ഞ വിലയ്ക്ക് ഉള്ളി ലഭിക്കുമെന്നറിഞ്ഞത് മുതല്‍ ചീപുരുപ്പള്ളി ഗ്രാമവാസികള്‍ ചന്തയിലേക്ക് ഇരച്ചു കയറി. മാര്‍ക്കറ്റിലെ ഗേറ്റ് തുറക്കുന്നതിന് മുന്‍പ് തന്നെ വന്‍ ജനക്കൂട്ടമാണ് അവിടെയെത്തിയത്. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഉള്ളിയെത്തിയപ്പോള്‍ സ്ത്രീകള്‍ തിക്കിത്തിരക്കി അകത്തേക്ക് ഓടിക്കയറി. വൃദ്ധരടക്കം നിരവധി പേരെ ഇടിച്ചിട്ടായിരുന്നു ഇവരുടെ പരാക്രമം. ഇതോടെ സ്ഥലത്ത് ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. പൊലീസെത്തിയാണ് സ്ഥിതി ഗതികള്‍ നിയന്ത്രിച്ചത്. ആര്‍ക്കും ഗുരുതരമായ പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്തുടനീളം ഉള്ളി വില കുതിച്ചുയര്‍ന്നതോടെ പൂഴ്ത്തിവെപ്പ് തടയാനായി മൊത്ത, ചില്ലറ വ്യാപാരികള്‍ക്ക് നല്‍കുന്ന പരിധി കേന്ദ്ര സര്‍ക്കാര്‍ 50 ശതമാനമാനമായി കുറച്ചു. ഇതോടെ മൊത്തക്കച്ചവടക്കാര്‍ക്ക് ഇനി 25 ടണ്ണില്‍ കൂടുതല്‍ ഉള്ളി സംഭരിക്കാനാവില്ല. ചില്ലറ വ്യാപാരികള്‍ക്കുള്ള പരിധി അഞ്ച് ടണ്‍ ആണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കിലോയ്ക്ക് 75 മുതല്‍ 100 രൂപ വരെയാണ് ഉള്ളി വില ഉയര്‍ന്നത്. കൊല്‍ക്കത്തയില്‍ കിലോയ്ക്ക് 150 രൂപയാണ് വില. വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്‍റില്‍ വന്‍ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ നടത്തുന്നത്