06 December, 2019 12:44:02 PM
ലിനിക്ക് കേന്ദ്രസര്ക്കാരിന്റെ ആദരം; ഫ്‌ലോറന്‍സ് നൈറ്റിങ്കേള്‍ പുരസ്‌ക്കാരം ഭര്‍ത്താവ് സജീഷ് ഏറ്റുവാങ്ങി
ദില്ലി: നിപ്പ ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് കേന്ദ്രസര്ക്കാരിന്റെ ആദരം. ലിനിയുടെ സേവനത്തിന് മരണാനന്തര ബഹുമതിയായി ആരോഗ്യമന്ത്രാലയത്തിന്റെ ദേശീയ ഫ്‌ലോറന്‍സ് നൈറ്റിങ്കേല്‍ പുരസ്‌ക്കാരം സമ്മാനിച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്ന് ഭര്‍ത്താവ് സജീഷ് പുരസ്‌ക്കാരം ഏറ്റുവാങ്ങി.
കേരളത്തില്‍ നിന്നുള്ള മൂന്ന് നഴ്‌സുമാര്‍ക്കാണ് സേവന മികവിനുള്ള പുരസ്‌ക്കാരം ലഭിച്ചത്. സിസ്റ്റര്‍ ലിനി, മലയാളികള്‍ ഒരിക്കലും മറക്കാത്ത പേര്. നിപ്പരോഗം ബാധിച്ച് കോഴിക്കോട് പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിട്ട രോഗികളെ ഓടി നടന്ന് ശുശ്രൂഷിച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ മാലാഖ. അതിനുള്ള ബഹുമതിയായാണ് ഈ പുരസ്‌ക്കാരം. ദേശീയതലത്തില്‍ ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്ന് സജീഷ് പ്രതികരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹെഡ് നഴ്‌സ് എന്‍ ശോഭന, കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ നഴ്‌സിങ് ഓഫിസര്‍ പി എസ് മുഹമ്മദ് സാലിഹ്, തിരുവനന്തപുരം സ്വദേശിനി ബ്രിഗ്രഡിയര്‍ പി ജി ഉഷാ ദേവി തുടങ്ങിയര്‍ മികച്ച സേവനത്തിനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി. ആധുനിക നഴ്‌സിങിന് അടിത്തറ പാകിയ ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്‍റെ ജന്മദിനമാണ് ലോക നഴ്‌സസ് ദിനമായി ആചരിക്കുന്നതും ആദരസൂചകമായി പുരസ്കാരം നല്‍കുന്നതും.