05 December, 2019 07:23:17 AM


കന്യാസ്ത്രി ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെ എതിര്‍ത്ത കാരണം ഞെട്ടിച്ചു; സഭയ്ക്കുള്ളിൽ അധോലോകം - സിസ്റ്റര്‍ ജെസ്മി



കൊല്ലം: സന്യാസ വസ്ത്രം ഉപേക്ഷിച്ച് മഠത്തില്‍ നിന്നിറങ്ങിയ സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥയായ ആമേന്‍ പ്രസിദ്ധി നേടിയിരിന്നു. സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി ജെസ്മിയും രംഗത്തെത്തി. ദൈവവിളി കിട്ടി മഠത്തിലെത്തുന്നത് ഒരു ശതമാനം ആളുകള്‍ മാത്രമാണ്. ചില താത്പര്യങ്ങളോടെയാണ് മറ്റുള്ളവര്‍ ആത്മീയത തിരഞ്ഞെടുക്കുന്നത്. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ് സഭ അധോലോകത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു.


സഭയ്ക്കെതിരെ പറയുന്നവരെ ഏതു വിധനേയും ഒതുക്കുകയാണ് പൊതുവേ ചെയ്യുന്നത്. സഭയില്‍ നിന്നും പുറത്ത് വന്നപ്പോള്‍ എന്നെയും അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നു. അതിനെ ഭയക്കാതെ മുന്നോട്ട് പോകുകയാണ് ചെയ്തത്. ഇപ്പോള്‍ സിസ്റ്റര്‍ ലൂസിക്കെതിരെയും ഇത്തരം ശ്രമങ്ങള്‍ നടന്നു വരുന്നു. ആത്മകഥ പുറത്ത് വന്നതിന് പിന്നാലെ ഇത്തരം അടിച്ചമര്‍ത്തലുകള്‍ കൂടിയിട്ടുണ്ട്. നവമാദ്ധ്യമങ്ങളിലൂടെയാണ് ആക്രമണം. സഭയ്ക്കുള്ളില്‍ നിന്ന് ഇതിനെ എല്ലാം ചെറുക്കാന്‍ സിസ്റ്ററിന് കഴിയുന്നു എന്നത് വലിയ കാര്യമാണ്.


സഭയില്‍ ഉണ്ടായിരിക്കെ ഒരു കന്യാസ്ത്രീ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെ എതിര്‍ത്തു. ഇതിനെക്കുറിച്ച് ഹോസ്റ്റല്‍ മേധാവിയായ സിസ്റ്ററെ നേരില്‍ കണ്ട് കാര്യം അന്വേഷിച്ചു. എന്നാല്‍, മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. ഈ സിസ്റ്റര്‍ ഇപ്പോള്‍ ഉന്നതപദവിയിലിരിക്കുകയാണ്. ഇത്തരം ആളുകള്‍ സഭയിലുള്ളപ്പോള്‍ എങ്ങനെയാണ് അനീതികള്‍ പുറത്തുവരിക?


3800ലധികം കന്യാസ്ത്രീകളാണ് കേരളത്തിലുള്ളത്. ഇതില്‍ ഏറിയവരും കാര്യങ്ങളെല്ലാം ഭീതിമൂലം പുറത്ത് പറയാതിരിക്കുകയാണ്. ഒരു പക്ഷേ, ഇവരില്‍ ആരെങ്കിലും ഒരാള്‍ തുറന്ന് പറയാന്‍ തയാറായാല്‍ അവരെ പിന്നെ സഭ ശത്രുവിനെ പോലെ കാണുകയുള്ളൂ. ഞാന്‍ എന്ന് ഒന്നുമല്ലാതാകുന്നോ അന്ന് എനിക്കെതിരെ ഇവര്‍ തിരിയുമെന്ന് ഉറപ്പാണ്. ഇക്കാര്യം ഒരാള്‍ നേരിട്ട് പറഞ്ഞിട്ടുമുണ്ട്.


അതേസമയം, മനസില്‍ നന്മയുള്ള കന്യാസ്ത്രീകളും വൈദികരും സഭയിലുണ്ട്. എന്നാല്‍, ഇവരെല്ലാം പലതും ഒളിച്ച് വയ്ക്കുന്നു. പുറത്ത് പറഞ്ഞാല്‍ ജീവന്‍ തന്നെ അപായപ്പെടുമെന്ന ഭീതിയാകാം കാരണം. ഞാന്‍ 10 വര്‍ഷം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ അടിവരയിടുന്നതാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയിലുള്ളത്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ സത്യമെന്നാണ് വിശ്വസിക്കുന്നത്. സിസ്റ്റര്‍ ലൂസിയുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അവരുടെ അനുഭവമാണ് ഇതെല്ലാമെന്നായിരുന്നു മറുപടി. അടുത്തിടെ പുറത്തിറങ്ങിയ ആത്മകഥകളിലും തുറന്ന് പറച്ചിലുകളിലും ഉള്ളതിനേക്കാള്‍ കൂടുതല്‍ സത്യം 'കര്‍ത്താവിന്റെ നാമത്തിലു'ണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. കാരണം, പല കാര്യങ്ങളും ഞാന്‍ നേരത്തെ പറഞ്ഞത് തന്നെയാണ്.


ഞാൻ തിരുവസ്ത്രം ഉപേക്ഷിക്കുകയും സഭയ്ക്കുള്ളിലെ ദുരനുഭവങ്ങള്‍ തുറന്ന് പറയുകയും ചെയ്തിട്ട് പത്ത് വര്‍ഷം വേണ്ടിവന്നു,? മറ്റൊരാള്‍ക്ക് ഇതേ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍. മറ്റ് പലരുടെയും ആത്മകഥ ആത്മകഥയായി തോന്നിയിട്ടില്ല. അതിലൊക്കെ സഭയ്ക്ക് എതിരെയുള്ള കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുക മാത്രമാണ് ചെയ്യുന്നത്. ആത്മകഥയെന്നാല്‍ അത് എഴുതുന്ന ആളുടേതാണ്. സിസ്റ്റര്‍ ലൂസിയുടെ ആത്മകഥയില്‍ പുറത്ത് വന്ന ഭാഗങ്ങളെല്ലാം വായിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K