03 December, 2019 05:59:02 PM
മരിച്ച് നാലു മാസത്തിന് ശേഷം വാട്‌സ് ആപ്പിൽ നിന്നും 'ലെഫ്റ്റാ'യി കെ.എം. ബഷീർ; അന്വേഷണം വഴിത്തിരിവിൽ
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ യാത്ര ചെയ്ത വാഹനമിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ കാണാതായ മൊബൈല്‍ ഫോൺ ആരോ ഉപയോഗിക്കുന്നെന്ന സൂചന ലഭിച്ചതോടെ പൊലീസ് അന്വേഷണം ആ വഴിക്കും. ഇത് കേസിൽ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. അപകടം നടന്ന സ്ഥലത്തുനിന്ന് കാണാതായ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്.
ആഗസ്റ്റ് മൂന്നിനാണ് മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് കെ.എം. ബഷീർ മരിച്ചത്. നാലു മാസത്തിനു ശേഷം ബഷീർ അംഗമായ വാട്സ്ആപ് ഗ്രൂപ്പുകളിൽനിന്ന് 'അദ്ദേഹം' തിങ്കളാഴ്ച രാത്രിയോടെ ലെഫ്റ്റായതാണ് ദുരൂഹത സൃഷ്ടിച്ചത്. ബഷീർ 'ലെഫ്റ്റ്' എന്ന് വിവിധ മാധ്യമ ഗ്രൂപ്പുകളില്‍ സന്ദേശം ലഭിച്ചു. മൊബൈൽ നഷ്ടപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ഫോണിന്റെ ടവർ ലൊക്കേഷൻ തമ്പാനൂരുൾപ്പെടെ കാണിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു വിവരവുമില്ലാതെയിരിക്കെയാണ് ഗ്രൂപ്പുകളിൽനിന്ന് ലെഫ്റ്റ് ആയത്.
ആരോ ഈ ഫോൺ ഉപയോഗിക്കുന്നെന്ന സംശയം ബലപ്പെടുത്തുന്നതാണ് സംഭവം. അന്വേഷണസംഘം സൈബര്‍ വിദഗ്ധരുടെ ഉപദേശം നേടിയിട്ടുണ്ട്. ബഷീറിന്റെ ഫോണിൽ മറ്റേതെങ്കിലും സിം ഉപയോഗിക്കുന്നുണ്ടോയെന്നറിയാൻ ക്രൈംബ്രാഞ്ച് ഐ.എം.ഇ.ഐ നമ്പർ പരിശോധിച്ചെങ്കിലും സഹായകരമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വ്യക്തി ബഷീർ ഉപയോഗിച്ചുവന്ന വാട്സ്ആപ് അൺ ഇൻസ്റ്റാൾ ചെയ്താൽ ലെഫ്റ്റ് ആയെന്ന സന്ദേശം വരാമെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. ബഷീറിന്റെ വാട്ട്സ്ആപ് ലഭിക്കാൻ ഫോണിൽ അദ്ദേഹത്തിന്റെ സിം വേണമെന്നില്ല. ഫോൺ നമ്പർ ഒരു തവണ രജിസ്റ്റർ ചെയ്താൽ സിം ഇട്ടില്ലെങ്കിലും വൈ-ഫൈ ഉപയോഗിച്ചാൽ ഫോണിൽ വാട്സ്ആപ് കിട്ടും. കുറച്ചുകാലം ഫോൺ ഉപയോഗിക്കാതിരുന്നാൽ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാധ്യതയില്ലെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. അതിനാൽ വാട്സ്ആപ് അൺ ഇൻസ്റ്റാൾ ചെയ്തതാകാം എന്ന സംശയമാണ് ശക്തമാകുന്നതും.
ബഷീറിന്റ അപകടമരണം സംഭവിച്ച് നാലു മാസമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. പ്രതിയായ ശ്രീറാമിന്റെ സസ്പെൻഷൻ ദീർഘിപ്പിച്ചുവെന്നതല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടായിട്ടുമില്ല.