02 December, 2019 02:05:22 PM
വിവാഹതലേന്ന് വധുവിന് ലഭിച്ചത് വരന്‍റെ ആദ്യ ഭാര്യയുടെ വാട്ട്സാപ്പ് മെസേജ്: അധ്യാപകനായ വരൻ മുങ്ങി
കോട്ടയം: വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് വധുവിന്‍റെ മൊബൈലിലേക്ക് ഒരു മെസേജ് വന്നത്. മെസേജ് കണ്ട് ശരിക്കുമൊന്ന് ഞെട്ടി. പിറ്റേദിവസം വിവാഹം കഴിക്കേണ്ട ആളുടെ ആദ്യ വിവാഹത്തിന്‍റെ ഫോട്ടോയും വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റും. അയച്ചത് മാറ്റാരുമല്ല, വരന്‍റെ ആദ്യ ഭാര്യ തന്നെ. ഇതേക്കുറിച്ച് അന്വേഷിക്കാൻ വരന്‍റെ ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. അന്വേഷണത്തിൽ വരൻ നാട്ടിൽനിന്ന് മുങ്ങിയെന്ന് വ്യക്തമായി. ഇതോടെ നിശ്ചയിച്ചുറപ്പിച്ച കല്യാണവും മുടങ്ങി.
കോട്ടയം പൊൻകുന്നത്താണ് സംഭവം. സംഭവത്തിൽ വിവാഹതട്ടിപ്പ് നടത്തിയ എലിക്കുളം വഞ്ചിമല കൂനാനിക്കൽ സനിലിനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ദിവസമാണ് എലിക്കുളത്ത് നടക്കേണ്ടിയിരുന്ന കല്യാണത്തിന് തലേദിവസം വധുവിന്‍റെ ഫോണിലേക്ക് മെസേജ് എത്തിയത്. സനിലും മലപ്പുറം സ്വദേശിനിയും തമ്മിൽ വിവാഹം കഴിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും കല്യാണ സർട്ടിഫിക്കറ്റിന്‍റെ പകർപ്പുമാണ് മെസേജായി വന്നത്.
സനിൽ ആദ്യം വിവാഹം കഴിച്ചതാണെന്ന വിവരം മലപ്പുറത്തുനിന്ന് ചിലർ വിളിച്ച് അറിയിച്ചെങ്കിലും, കല്യാണം മുടക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും, അതൊന്നും വിശ്വസിക്കരുതെന്നും സനിൽ തന്നെ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ ഫോൺ വിളികളെ അവഗണിക്കുകയും ചെയ്തു. എന്നാൽ വിവാഹത്തലേന്ന് രാത്രിയിൽ ആദ്യഭാര്യയുടെ മെസേജ് യുവതിയുടെ ഫോണിലേക്ക് വന്നതോടെ ഇക്കാര്യത്തിൽ സംശയമായി. ഇതേത്തുടർന്ന് കൂടുതൽ അന്വേഷണം നടത്തിയതോടെ സനിൽ ആദ്യം വിവാഹം കഴിച്ചതാണെന്ന് വ്യക്തമായി. ഇതോടെയാണ് സനിലിന്‍റെ ഫോണിലേക്ക് വധുവിന്‍റെ ബന്ധുക്കൾ വിളിച്ചത്. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
സനിൽ താമസിക്കുന്ന വീട്ടിൽ അന്വേഷിച്ച് എത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. സംഭവം അറിഞ്ഞതോടെ അവിടെയുണ്ടായിരുന്ന സനിലിന്‍റെ സഹോദരൻ ബോധരഹിതനായി കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്തെ ഒരു സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു സനിൽ. ഇതേ സ്കൂളിലെ അധ്യാപികയുമായി പ്രണയത്തിലായ സനിൽ 13 വർഷമായി അവരുമായി ഒന്നിച്ച് താമസിക്കുകയാണ്. ഇക്കാര്യം മറച്ചുവെച്ചാണ് നാട്ടിലെത്തി വിവാഹാലോചന നടത്തുകയും അത് നിശ്ചയിക്കുകയും ചെയ്തത്.