21 November, 2019 10:16:25 PM
മെത്രാന്‍ കായലില്‍ വെള്ളിയാഴ്ച വിത ഉത്സവം; കര്‍ഷക പുരസ്കാരവിതരണവും നടക്കും
കോട്ടയം: മെത്രാന്‍ കായല്‍ പാടശേഖരത്തിലെ വിത ഉത്സവത്തിന് വെള്ളിയാഴ്ച രാവിലെ പത്തിന് തുടക്കമാകും. 371 ഏക്കറില്‍ നെല്‍ വിത്ത് വിതയ്ക്കുന്നതിന് ഇത്തവണയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ എത്തും. കഴിഞ്ഞ മൂന്ന് തവണയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു വിത്ത് വിതച്ചത്. 120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ നെല്‍വിത്താണ് വിതയ്ക്കുന്നത്. കൃഷിയിറക്കുന്നതിന് തയ്യാറായിട്ടുള്ള 90 കര്‍ഷകര്‍ക്കും 50 ശതമാനം സബ്സിഡി നിരക്കില്‍ വിത്ത് ലഭ്യമാക്കിയിട്ടുണ്ട്.
വിത നടത്തിയതിനു ശേഷം കുമരകം ആറ്റാംമംഗലം സെന്‍റ് ജോണ്‍സ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാതല കാര്‍ഷിക ശില്‍പ്പശാലയും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ പ്രദര്‍ശനവും മന്ത്രി ഉദ്ഘാടനം ചെയ്യും. കര്‍ഷകര്‍ക്കും കൃഷി ഉദ്യോഗസ്ഥര്‍ക്കുമുള്ള ജില്ലാതല പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. മികച്ച കര്‍ഷകരെ ആദരിക്കും. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി. കെ ആശ, അഡ്വ. മോന്‍സ് ജോസഫ്, ഡോ.എന്‍. ജയരാജ്, മാണി സി. കാപ്പന്‍, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബീന ബിനു, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബോസ് ജോസഫ് പദ്ധതി വിശദീകരിക്കും.