31 October, 2019 01:15:53 PM
വൈദ്യുതി; അല്ല ''മദ്യം'' അമൂല്യമാണ് അത് പാഴാക്കരുത്: 'മാതൃക' കാട്ടി കെഎസ്ഈബി ഓഫീസ്
പാലാ: വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് എന്ന മുദ്രാവാക്യത്തിൽ 'മാതൃകാ'പരമായ തിരുത്തലുകളുമായി പാലാ കെഎസ്ഈബി ഓഫീസ്. കഴിഞ്ഞ രാത്രി കെ എസ് ഈ ബി ഓഫീസിലേക്ക് പലവട്ടം വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നതിനെ തുടർന്ന് പരാതി പറയാൻ നേരിട്ട് എത്തിയവരാണ് മദ്യപിച്ച് അബോധാവസ്ഥയിൽ ഇരിക്കുന്ന ജീവനക്കാരനെ കണ്ടത്. ജോലി സമയത്ത് മദ്യപാനം പാടില്ല എന്നിരിക്കെ മേശപ്പുറത്ത് പകുതി കാലിയായ മദ്യകുപ്പിയും വെള്ളവും ഗ്ലാസും ഭക്ഷണം കഴിച്ചതിന്‍റെ അവശിഷ്ടവും നിരത്തിവെച്ച് 'പൂസായി' ഇരിക്കുന്ന സമയത്ത് മൊബൈല്‍ ഫോണില്‍ ഒരു കോള്‍ വന്നിട്ട് അതു പോലും അറിയുന്നില്ല ഈ ജീവനക്കാരന്‍.
വളരെ സുഖമായി കസേരയില്‍ ഇരുന്ന് ഉറങ്ങുന്ന ജീവനക്കാരന്‍റെ വീഡിയോ ഉടന്‍ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേ കുറിച്ച് അന്വേഷിച്ച കൈരളി വാര്‍ത്തയോട് സംഭവം ശരിയാണെന്നും മദ്യപിച്ചിരിക്കുന്നത് ബോര്‍ഡിലെ സ്ഥിരം ജീവനക്കാരനല്ല, സെക്യൂരിറ്റി ജീവനക്കാരനാണെന്നുമാണ് കെഎസ്ഈബി പാലാ ഓഫീസിലെ ജീവനക്കാരന്‍ പ്രതികരിച്ചത്. സെക്യൂരിറ്റി ജീവനക്കാരനാണെങ്കിലും ഡ്യൂട്ടി സമയത്ത് മദ്യപിക്കാമോ എന്ന ചോദ്യത്തിന് പാടില്ലാ എന്നും ഇയാള്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നുമായിരുന്നു മറുപടി.
എന്നാല്‍ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് കരുതികൂട്ടിയാണെന്നും ഫോണ്‍ വിളിച്ചാല്‍ തങ്ങള്‍ എടുക്കാറില്ലെന്നത് വെറുതെ പറയുന്നതാണെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ജീവനക്കാരന്‍ പറഞ്ഞു. ഇയാള്‍ മദ്യപിച്ചിരിക്കുന്ന സമയത്ത് വേറെ രണ്ട് പേരു കൂടി ഓഫീസില്‍ ഉണ്ടായിരുന്നുവെന്ന് ജീവനക്കാരന്‍ പറയുന്നു. അതുകൊണ്ടുതന്നെ ഫോണ്‍ എടുത്തില്ലെന്ന് പറയുന്നതില്‍ കഴമ്പില്ലെന്നാണ് ഇവരുരുടെ പക്ഷം. അപ്പോള്‍ ഓഫീസിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ കൂടി അറിഞ്ഞുകൊണ്ടല്ലേ മദ്യപിക്കല്‍ നടന്നിരിക്കുന്നതെന്നും അല്ലെങ്കില്‍ അവര്‍ കൂടി ഇതില്‍ പങ്കാളികളായിട്ടുണ്ടാകില്ലേ എന്ന ചോദ്യങ്ങളും ഉയരുന്നു. അല്ലെങ്കില്‍ എന്തുകൊണ്ട് ഓഫീസിനുള്ളിലിരുന്ന മദ്യപിക്കുന്നത് നിയന്ത്രിക്കാന്‍ മറ്റുള്ളവര്‍ തയ്യാറായില്ല എന്നതും സംശയം ജനിപ്പിക്കുന്നു.