31 October, 2019 11:17:48 AM


ഏറ്റുമാനൂരില്‍ യൂണിയന്‍ ബാങ്ക് കത്തിനശിച്ചു: വന്‍ നാശനഷ്ടം; ലോക്കറും എടിഎമ്മും സുരക്ഷിതം



ഏറ്റുമാനൂര്‍: നഗരമധ്യത്തില്‍ ബാങ്ക് കത്തി നശിച്ചു. എം.സി.റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ബാങ്കാണ് വ്യാഴാഴ്ച  പുലര്‍ച്ചെ 4.45 മണിയോടെയുണ്ടായ അഗ്നിബാധയില്‍ കത്തിനശിച്ചത്. ബാങ്കിന്‍റെ ഉള്ളിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും കമ്പ്യൂട്ടറുകള്‍, പാസ് ബുക്ക് പതിക്കുന്ന യന്ത്രങ്ങൾ എന്നിവയുള്‍പ്പെടെ കത്തിയമര്‍ന്നു.


അതേസമയം ലോക്കറിനും ബാങ്കിലുണ്ടായിരുന്ന പണത്തിനും സ്വർണ്ണത്തിനും നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് മാനേജര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു. ബാങ്കിന്‍റെ തൊട്ടു ചേര്‍ന്നുള്ള എടിഎം കൌണ്ടറിനും നാശനഷ്ടങ്ങളില്ല. മേല്‍ക്കൂരയുടെ സീലിംഗ് ഉള്‍പ്പെടെ ബാങ്കില്‍ ആകെയുണ്ടായിരുന്ന ഏഴ് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഹാളിലെ മൂന്ന് എയര്‍ കണ്ടീഷനറുകളും ക്യാഷ് കൌണ്ടര്‍ ഉള്‍പ്പെടെയുള്ള കാബിനുകളും ഏതാനും റിക്കാർഡുകളും കത്തി നശിച്ചവയില്‍ പെടുന്നു.


രാവിലെ ബാങ്കിനുള്ളില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനാണ് വിവരം അധികൃതരെ അറിയിച്ചത്. 4.55 ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഫയർ ഓഫീസർ  കെ.ആർ. ഷിനോയിയുടെ നേതൃത്വത്തിൽ കോട്ടയത്തു നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘം എത്തി ഒന്നര മണിക്കൂർ നേരത്തെ ശ്രമഫലമായാണ് തീ അണച്ചത്. ഏറ്റുമാനൂര്‍ പോലീസും സ്ഥലത്തെത്തി.


ബാങ്കിന്റെ ഷട്ടർ വെട്ടിപൊളിച്ചാണ് അഗ്നിശമന സേന അകത്ത് പ്രവേശിച്ചത്. വെന്റിലേറ്ററുകൾ ഇല്ലാതെ പുക ഉള്ളിൽ നിറഞ്ഞ് നിന്നതും ബാങ്കിലെ വിവിധ രേഖകൾ ഉൾപ്പെടെ ആവശ്യമായ വസ്തുക്കൾ നനയാതെ സൂക്ഷിക്കണം എന്നതും രക്ഷാപ്രവർത്തനം ശ്രമകരമാക്കി. എസിയില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടകാരണമെന്നു കരുതുന്നു. പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. എന്നാൽ നാശനഷ്ടത്തിന്‍റെ കണക്കുകള്‍ എടുത്തു വരുന്നതേയുള്ളുവെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.


 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.6K