30 October, 2019 12:13:36 PM
ലൗലി ജോർജ് ഏറ്റുമാനൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയുടെ മൂന്നാമത് വൈസ് ചെയർപേഴ്സൺ ആയി കോൺഗ്രസിലെ ലൗലി ജോർജ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സണായിരുന്ന ജയശ്രീ ഗോപിക്കുട്ടൻ (കോൺഗ്രസ്) മുൻധാരണ പ്രകാരം രാജി വെച്ച ഒഴിവിലേക്ക് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് ലൗലി ജയിച്ചത്.
35 അംഗ കൗൺസിലിൽ 17 വോട്ട് നേടിയാണ് അഞ്ചാം വാർഡായ ക്ലാമറ്റത്തെ പ്രതിനിധീകരിക്കുന്ന ലൗലി ജോർജ് വൈസ് ചെയർപേഴ്സണായത്. മൂന്ന് പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ധന്യാ വിജയന് 11ഉം ബിജെപിയിലെ ഉഷാ സുരേഷിന് 5 ഉം വോട്ടുകള്‍ ലഭിച്ചു. സിപിഎം പ്രതിനിധിയും ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി.പി.മോഹന്‍ദാസ്, സ്വതന്ത്ര അംഗം ബീനാ ഷാജി എന്നിവര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.
യുഡിഎഫ് ഭരിക്കുന്ന ഏറ്റുമാനൂര്‍ നഗരസഭയില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. നാല് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് നടന്നു എന്ന പേരും ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് സ്വന്തം. പുതിയ നഗരസഭ നിലവില്‍ വന്നതിനു ശേഷം മൂന്നാമത് വൈസ് ചെയര്‍പേഴ്സണാണ് ഇന്ന് ചാര്‍ജെടുത്ത ലൌലി ജോര്‍ജ്. ആദ്യം കേരളാ കോണ്‍ഗ്രസിലെ റോസമ്മ സിബി ആയിരുന്നു വൈസ് ചെയര്‍പേഴ്സണ്‍. ചെയര്‍മാനാകട്ടെ നാലാമത്തെയാളും.