29 October, 2019 08:14:38 AM


കിറുങ്ങാന്‍ കളളില്‍ കഞ്ചാവ്: കോട്ടയം ജില്ലയില്‍ 42 കളളുഷാപ്പുകള്‍ അടച്ചുപൂട്ടി; അന്വേഷണം തുടരുന്നു

- നൗഷാദ് വെംബ്ലി

 



മുണ്ടക്കയം: കളളിന്‍റെ ലഹരി ശക്തമാക്കാന്‍ കഞ്ചാവ് കലര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്  കോട്ടയം ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കീഴിലുളള 42 ഓളം കളളുഷാപ്പുകളുടെ ലൈസന്‍സ് റദ്ദു ചെയ്തു. ചങ്ങാശ്ശേരി (11), പാലാ (4,5), വൈക്കം (5,6), കാഞ്ഞിരപ്പളളി (4), കടുത്തുരുത്തി (8)  എന്നീ ഗ്രൂപ്പുകളുടെ കീഴിലുളള ഷാപ്പുകള്‍ക്കാണ് പൂട്ടുവീണത്. ദീര്‍ഘകാലമായി മേഖലയിലെ ഷാപ്പുകളില്‍ ലഹരി കൂട്ടാന്‍ കഞ്ചാവ് പൊടിച്ചു കളളില്‍ കിഴികെട്ടി സത്ത് കലര്‍ത്തിയായിരുന്നു കച്ചവടം. ഇതോടെ ഇത്തരം ഷാപ്പുകളിലെ കളളുകച്ചവടം അഞ്ചിരട്ടിയായാണ് ഉയര്‍ന്നത്. ഇത് ശ്രദ്ധയില്‍ പെട്ട എക്‌സൈസ് നടത്തിയ തെരച്ചിലിലാണ് സംശായസ്പദമായ രീതിയില്‍ കളള് കണ്ടെത്തിയത്.


തിരുവനന്തപുരത്ത് സര്‍ക്കാര്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിൽ കളളില്‍ കഞ്ചാവിന്‍റെ അശം കണ്ടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് എക്‌സൈസ് കമ്മീഷണര്‍  ഷാപ്പുകളുടെ ലൈസന്‍സ് റദ്ദു ചെയ്തത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി നാലാം നമ്പര്‍ ഗ്രൂപ്പില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്കഞ്ചാവിന്‍റെ ലഹരിയുളള കളളു പിടിച്ചെടുത്തത്. ഇത് കെമിക്കല്‍ലാബില്‍ നടത്തിയ പരിശോധനയില്‍ ശരിവച്ചിരുന്നു. സംഭവം പുറത്തുവിടാതെ ഷാപ്പുകളുടെ ലൈസന്‍സ് റദ്ദു ചെയ്യാതെ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാധ്യമവാര്‍ത്തയെതുടര്‍ന്ന് അന്നത്തെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംങ് ഇടപെട്ടു കാഞ്ഞിരപ്പളളി ഗ്രൂപ്പിന്‍റെ കീഴിലുളള അഞ്ചോളം ഷാപ്പുകള്‍ അടച്ചുപൂട്ടിച്ചിരുന്നു.


തുടര്‍ന്നു ഷാപ്പു ജീവനക്കാരുടെ വരുമാനം നിലച്ചതിനെ തുടര്‍ന്നു സര്‍ക്കാര്‍ തൊഴിലാളികള്‍ മുഖാന്തിരം ഷാപ്പു തുറന്നു നല്‍കുകയായിരുന്നു. കളളില്‍ കഞ്ചാവിന്‍റെ ലഹരി സ്ഥിരീകരിച്ചു കെമിക്കല്‍ ലാബില്‍ പരിശോധന ഫലമെത്തിയിട്ടും കുറ്റക്കാരായ ലൈസന്‍സികളെ അറസ്റ്റു ചെയ്യാന്‍ അധികാരികള്‍ തയ്യാറായില്ലെന്നും ആരോപണം നിലനില്‍ക്കുകയാണ്. സംഭവ ദിവസം ലൈസന്‍സികള്‍ മുണ്ടക്കയം റേഞ്ച് ഇന്‍സ്‌പെക്ടറുടെ കാര്യാലത്തില്‍ നേരിട്ടെത്തി മണിക്കൂറുകളോളം  ചിലവഴിച്ചിട്ടും അറസ്റ്റ് ചെയ്യാതിരുന്ന നടപടി  ചോദ്യം ചെയ്യപ്പെട്ടിരുന്നു.


പരിശോധന ഫലം വിശ്വസനീയമല്ലെന്ന ലൈസന്‍സികളുടെ പ്രതികരണത്തെ തുടര്‍ന്നു  കളളിന്‍റെ സാമ്പിള്‍ വീണ്ടും കൊച്ചി കാക്കനാട്ടുളള മെഡിക്കല്‍ ലാബില്‍ അയക്കുകയായിരുന്നു. ഇതാണ് വീണ്ടും ശരിവച്ചു റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ പരിശോധന ഫലം ശരിവച്ചിട്ടും കാഞ്ഞിരപ്പളളി ഗ്രൂപ്പിലെ ലൈസന്‍സികള്‍ ഒളിവിലാണന്ന റിപ്പോര്‍ട്ടാണ് എക്‌സൈസ് മേലധികാരികള്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് അന്വഷണ ഉദ്യോഗസ്ഥന്‍. എന്നാല്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കാനിരിക്കുന്ന ഇദ്ദേഹം തുടര്‍ നടപടികളുമായിമുന്നോട്ടുപോകാന്‍ തയ്യാറായിട്ടില്ലന്നാണ് അറിയുന്നത്.


കോട്ടയം ജില്ലയിലെ  പാറത്തോട് കളളുഷാപ്പില്‍ മുമ്പ് വ്യാജ കളളു നിര്‍മ്മിച്ച സംഭവവും വിവാദമായിരുന്നു. കളളില്‍ കൊഴുപ്പു ചേര്‍ത്തു വില്‍പ്പന നടത്തിയത് എക്‌സൈസ് പിടിച്ചെടുത്തെങ്കിലും തിരുവനന്തപുരം  കെമിക്കല്‍ ലാബിലേക്കുളള യാത്രയില്‍  കളളിന്‍റെ സാമ്പിള്‍ ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് മാറ്റിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്നു പരിശോധന ഫലം ലൈസന്‍സിക്കു അനുകൂലമായത് സംബന്ധിച്ച് വകുപ്പു തല അന്വേഷണം ഇപ്പോഴും നടക്കുകയും വിജിലന്‍സ് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതേ  തുടര്‍ന്ന് സാമ്പിള്‍ എടുക്കുന്നതിലും  പരിശോധനക്ക് അയക്കുന്നതിലും കൃത്യത ഉണ്ടാക്കാന്‍ കര്‍ശന നിര്‍ദ്ദേശമുളള ഉത്തരവ് സംസ്ഥാനത്താകമാനം  കമ്മീഷണര്‍ പുറപ്പെടുവിപ്പിച്ചിരുന്നതാണ്. ഇതിനിടയിലാണ് കോട്ടയം ഡിവിഷന്‍റെ കീഴില്‍ നാല്‍പ്പത്തിരണ്ടു ഷാപ്പില്‍ കൂടി വ്യാജന്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഇടപെടല്‍ ഉണ്ടാവാതിരിക്കാന്‍ രഹസ്യാന്വേഷണ വിഭാഗവും രംഗത്ത് വന്നിട്ടുണ്ട്. ചില ഉദ്യോഗസ്ഥരുടെ അബ്കാരി പ്രേമം ഉദ്യോഗസ്ഥരില്‍ ശക്തമായ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K