29 October, 2019 01:16:32 AM
കാഞ്ഞിരപ്പളളി - എരുമേലി റോഡിൽ നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഗതാഗതം നിരോധിച്ചു
- നൗഷാദ് വെംബ്ലി
കാഞ്ഞിരപ്പളളി: നിര്‍മ്മാണത്തിനിടയില്‍ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് മണ്ണ് താഴ്ചയിലേക്കു പതിച്ചു. കാഞ്ഞിരപ്പളളി - എരുമേലി സംസ്ഥാന പാതയില്‍ പട്ടിമറ്റത്ത് നടന്നു വന്ന നിര്‍മാണ ജോലികൾ താത്കാലികമായി നിര്‍ത്തി വച്ചു. തിങ്കളാഴ്ച രാവില 11 മണിയോടെയാണ് സംഭവം.
ഒരു വര്‍ഷം മുമ്പ് പ്രളയത്തില്‍ കാഞ്ഞിരപ്പളളി - എരുമേലി സംസ്ഥാന പാതയില്‍ പട്ടിമറ്റം ജങ്ഷനു സമീപം റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത് പുനര്‍ നിര്‍മ്മാണം അടുത്തിടെയാണ് ആരംഭിച്ചത്. നിർമ്മാണ ജോലികൾ നടക്കുന്നതിനിടയിലാണ് മണ്ണ് താഴ്ചയിലേക്ക് പതിച്ചത്. താഴെ ഉണ്ടായിരുന്ന ഹിറ്റാച്ചിയുടെ മുകളിലേക്ക് മണ്ണു പതിച്ചുവെങ്കിലും ആളപായം ഉണ്ടായില്ല. വാഹനത്തിന് തകരാര്‍ സംഭവിച്ചു.
ഗതാഗതം നിരോധിച്ചു
പട്ടിമറ്റത്തിന് സമീപം സംരക്ഷണഭിത്തി നിർമ്മാണം നടക്കുന്നതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇതുവഴി ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ വാഹനഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. 26 ൽ നിന്നും എരുമേലിക്ക് പോകേണ്ട വാഹനങ്ങൾ ഒന്നാം മൈൽ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് അരിക്കുളം റോഡ് വഴി പോകേണ്ടതും എരുമേലി ഭാഗത്തുനിന്ന് കാഞ്ഞിരപ്പള്ളിയ്ക്ക് പോകുന്ന വാഹനങ്ങൾ പട്ടിമറ്റം - പൂതക്കുഴി റോഡ് വഴിയോ പട്ടിമറ്റം - മണ്ണാറക്കയം റോഡ് വഴിയോ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരിഞ്ഞ് പോകേണ്ടതാണെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു