28 October, 2019 08:26:59 PM
ഇരട്ട വീടുകള്‍ ഒറ്റ വീടാക്കല്‍ പദ്ധതി; ഞീഴൂരില്‍ 23 വീടുകള്‍ പൂര്‍ത്തിയായി
കടുത്തുരുത്തി: ഞീഴൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുവമ്പാടി നാലു സെന്‍റ് കോളനിയില്‍ ഇരട്ട വീടുകള്‍ ഒറ്റ വീടാക്കുന്ന പദ്ധതി പൂര്‍ത്തിയായി. 40 വര്‍ഷം പഴക്കമുണ്ടായിരുന്ന പൊട്ടിപ്പൊളിഞ്ഞ 11 ഇരട്ട വീടുകള്‍ക്ക് പകരം 23 ഒറ്റ വീടുകളാണ് നിര്‍മിച്ചത്. ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന നിലയിലായിരുന്നു വീടുകള്‍. പട്ടയമില്ലാതിരുന്ന 12 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുകയും ചെയ്തു. കോളനി നിവാസികളെ മാറ്റി താമസിപ്പിച്ച് പഴയ വീടുകള്‍ പൂര്‍ണമായും പൊളിച്ചു നീക്കി യാണ് പുതിയ വീടുകളുടെ നിര്‍മാണം നടത്തിയത്.
53 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. 35 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വിഹിതവും 18 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വിഹിതവുമാണ്. 487 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ വീടുകളില്‍ രണ്ട് മുറികള്‍, അടുക്കള, ഹാള്‍, സിറ്റ് ഔട്ട്, ശുചിമുറി എന്നിവയുണ്ട്. എല്ലാ വീടുകളിലേക്കും ടാര്‍ ചെയ്ത റോഡ്, വൈദ്യുതി, ശുദ്ധജല ലഭ്യത, എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്.