16 October, 2019 08:24:35 PM


വായ്പ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കബളിപ്പിച്ചുവെന്ന്; കര്‍ഷകമേളയില്‍ പ്രതിഷേധവുമായി കര്‍ഷകര്‍



ഏറ്റുമാനൂര്‍: ബാങ്ക് നടത്തിയ യോഗത്തില്‍ ആളെ കൂട്ടുന്നതിന് കാര്‍ഷികാവശ്യങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാമെന്ന് പറഞ്ഞ് കര്‍ഷകരെ വിളിച്ച് കൂട്ടി കബളിപ്പിച്ചെന്ന് ആരോപണം. ബാങ്ക് ഓഫ് ബറോഡാ അധികൃതര്‍ക്കും കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് ഏറ്റുമാനൂരിലെ ഒരു സംഘം കര്‍ഷകര്‍ പ്രതിഷേധവുമായെത്തിയത്. യോഗത്തില്‍ പങ്കെടുക്കാനെത്തിയ തോമസ് ചാഴികാടന്‍ എംപിയെ കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും യോഗം നടക്കുന്ന ഹാളില്‍ നിന്ന് ഇറങ്ങിപോകുകയും ചെയ്തു.


ബാങ്ക് ഓഫ് ബറോഡയുടെ കര്‍ഷക ദ്വൈവാര ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ഏറ്റുമാനൂര്‍ ചെറുവാണ്ടൂരിലുള്ള ഓഡിറ്റോറിയത്തില്‍ നടന്ന കോട്ടയം ക്ലസ്റ്റര്‍ കാര്‍ഷികമേളയിലാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. ഏറ്റുമാനൂര്‍ കൃഷി ഓഫീസറുടെ അറിയിപ്പിനെ തുടര്‍ന്നാണ് പേരൂര്‍, തെള്ളകം, ഏറ്റുമാനൂര്‍ ഭാഗങ്ങളില്‍നിന്നുള്ള നെല്‍കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ പരിപാടിയില്‍ സംബന്ധിച്ചത്. കൃഷി ആവശ്യത്തിന് ലോണ്‍ ലഭിക്കും എന്ന് അറിയച്ചതുകൊണ്ടാണ് തങ്ങള്‍ യോഗത്തില്‍ പങ്കെടുത്തതെന്ന് തെള്ളകം പാടശേഖരസമിതി പ്രസിഡന്‍റ് തോമസ് വര്‍ഗീസ് ചിലമ്പട്ടുശ്ശേരില്‍, സെക്രട്ടറി മോന്‍സി പേരുമാലില്‍, പേരൂര്‍ പാടശേഖരസമിതി സെക്രട്ടറി സദാനന്ദന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.


വിവിധ കൃഷിരീതികളെ സംബന്ധിച്ചുള്ള പഠനക്ലാസുകളും കര്‍ഷകരെ ആദരിക്കലും പച്ചക്കറി തൈവിതരണവും മേളയുടെ ഭാഗമായി നടന്നിരുന്നു. കാര്‍ഷിക വായ്പാ വിതരണം നടന്നുവെങ്കിലും അത് മുന്‍കൂട്ടി കണ്ടെത്തിയ കുടുംബശ്രീ പോലുള്ള യൂണിറ്റുകള്‍ക്കാണ് നല്‍കിയതെന്നും തങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള ഒരു നടപടികളും അവിടെ ഉണ്ടായില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ബാങ്ക് കണ്ടെത്തിയവരല്ല, മറിച്ച് തങ്ങളാണ് രാപകലില്ലാതെ പാടത്തിറങ്ങി പണിയെടുക്കുന്ന യഥാര്‍ത്ഥ കര്‍ഷകരെന്ന് ഇവര്‍ എംപിയോട് പറഞ്ഞു.  ഇവരുടെ യോഗത്തിന് ആളെ കൂട്ടുവാന്‍ വായ്പാവാഗ്ദാനം നല്‍കി കര്‍ഷകരെ കബളിപ്പിക്കുകയായിരുന്നു കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും ഇവര്‍ കുറ്റപ്പെടുത്തി. 


ദേശസാല്‍കൃത ബാങ്കുകള്‍ കാര്‍ഷിക മേഖലയില്‍ മുതല്‍ മുടക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ട ശേഷം വേദിയില്‍ നിന്നും ഇറങ്ങി വന്നപ്പോഴാണ് തോമസ് ചാഴികാടന്‍ എം പിയെ കര്‍ഷകര്‍ വളഞ്ഞത്. കൃഷിഭവനുകളുടെയും മൃഗാശുപത്രികളുടെയും ക്ഷീരകർഷക സഹകരണ സംഘങ്ങളുടെയും സഹകരണത്തോടു കൂടി മികച്ച ക്ഷീരകര്‍ഷകരേയും കര്‍ഷകരേയും കണ്ടെത്തി വായ്പ നല്‍കുവാന്‍ മുന്‍കൈ എടുത്ത ബാങ്ക് ഓഫ് ബറോഡയുടെ പ്രവര്‍ത്തനങ്ങളെ എം.പി അഭിനന്ദിച്ചിരുന്നു. വായ്പകളുടെ വിതരണോദ്ഘാടനം നഗരസഭ  ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് നിര്‍വ്വഹിച്ചു. ബാങ്ക് ഏര്‍പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങാതെയാണ് കര്‍ഷകരില്‍ ചിലര്‍ ബഹളത്തിനിടെ ഹാള്‍ വിട്ട് പുറത്ത് പോയത്.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K