28 September, 2019 06:17:57 PM
മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നും ആളുകള്‍ സ്വയം ഒഴിഞ്ഞു തുടങ്ങി; നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
കൊച്ചി : സുപ്രീംകോടതി ഉത്തരവനുസരിച്ച് മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് സുപ്രീംകോടതി. ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതനുസരിച്ച് ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സുപ്രീകോടതി ഉത്തരവനുസരിച്ച് നാളെ മുതല്‍ ഫ്‌ളാറ്റില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. കോടതിയില്‍ കൊടുത്തിരിക്കുന്ന ആക്ഷന്‍പ്ലാന്‍ അനുസരിച്ചാകും മുന്നോട്ടുപോകുക. നാലാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കാനാണ് സുപ്രീംകോടതി ഉത്തരവ്.
ഇതിനിടെ, മരടില്‍ പൊളിക്കാന്‍ തയ്യാറെടുക്കുന്ന ഫ്‌ളാറ്റുകളില്‍ നിന്ന് ആളുകള്‍ സ്വമേധയാ ഒഴിഞ്ഞു തുടങ്ങി. മരട് ആല്‍ഫാ വെഞ്ചേഴ്‌സ് ഫ്‌ളാറ്റിലെ താമസക്കാര്‍ തങ്ങളുടെ സാധന സാമഗ്രഹികള്‍ നീക്കിത്തുടങ്ങി. നാളെ ഒഴിപ്പിക്കല്‍ തുടങ്ങാനിരിക്കെയാണ് ആളുകള്‍ സ്വയം ഒഴിഞ്ഞു തുടങ്ങിയത്. അതേസമയം, മരട് ഫ്‌ളാറ്റ് പൊളിക്കലുമായി സുപ്രീംകോടതി സമിതി രൂപീകരിച്ചു. അന്തിമ നഷ്ടപരിഹാരം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഈ സമിതി തീരുമാനിക്കും. ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായരാണ് സമിതി അധ്യക്ഷന്‍.