27 September, 2019 11:31:19 PM
ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞുവീണ് യുവതി മരിച്ച സംഭവം: എ.ഐ.എ.ഡി.എം.കെ നേതാവ് അറസ്റ്റില്‍
ചെന്നൈ: ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞുവീണതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ച സംഭവത്തില്‍ എ.ഐ.എ.ഡി.എം.കെ നേതാവ് അറസ്റ്റില്‍. എ.ഐ.എ.ഡി.എം.കെ നേതാവ് സി. ജയഗോപാലാണ് അറസ്റ്റിലായത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ആര്‍ ശുഭശ്രീ എന്ന യുവതി അപകടത്തില്‍ മരിച്ച സംഭവത്തില്‍ ജയഗോപാലിനെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
സെപ്റ്റംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 13 മുതല്‍ ജയഗോപാല്‍ ഒളിവിലായിരുന്നു. കൃഷ്ണഗിരി ജില്ലയിലെ ദെങ്കനിക്കോട്ടയില്‍ നിന്നുമാണ് ജയഗോപാലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുവരികയാണ്. ഇവിടെ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും.
ജയഗോപാലിന്റെ മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞുവീണാണ് അപകടമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് സെന്റ് തോമസ് മൗണ്ട് ട്രാഫിക് പോലീസും പള്ളിക്കരണി പോലീസും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പല്ലാവരം-തൊറൈപാക്കം റേഡിയല്‍ റോഡിലാണ് അപടകമുണ്ടായത്. ഒരാള്‍ വലുപ്പമുള്ള ഫ്‌ളക്‌സ് കാറ്റില്‍ മറിഞ്ഞുവീഴുകയായിരുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി ശുഭശ്രീയുടെ ശരീരത്തില്‍ കയറിയിറങ്ങി. ശുഭശ്രീയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.