26 September, 2019 02:14:39 PM


മരട് ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി - ജലവിതരണം നിർത്തി; പ്രതിഷേധവുമായി ഉടമകള്‍



കൊച്ചി: മരടിലെ ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. മരടിലെ നാലു ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ഫ്ളാറ്റുകളിലേയ്ക്കുള്ള ജലവിതരണവും വാട്ടർ അതോറിറ്റി നിർത്തിയിട്ടുണ്ട് വൈദ്യുതിയും വെള്ളവും നിഷേധിക്കുന്നതിനെതിരെ ഫ്ളാറ്റിനു മുന്നിൽ ഉടമകൾ പ്രതിഷേധിക്കുകയാണ്. പ്രദേശത്ത് പോലീസ് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.


നാലു ഫ്ളാറ്റുകളിലെ വൈദ്യുതിബന്ധം രാവിലെ ആറു മണിയോടെയാണ് വിച്ഛേദിച്ചത്. വലിയ പോലീസ് സന്നാഹത്തോടെ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരും ജീവനക്കാരുമടങ്ങിയ സംഘമാണ് നോട്ടീസ് പതിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തത്. പിന്നീട് എട്ടരയോടെയാണ് കുടിവെള്ള വിതരണം നിർത്തിയത്.


ഫ്ളാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി വൈദ്യുതി ബന്ധവും കുടിവെള്ള കണക്ഷനും വിച്ഛേദിക്കുന്നതിനെതിരെ ഫ്ളാറ്റ് ഉടമകൾ ഫ്ളാറ്റുകൾക്കു മുന്നിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഫ്ളാറ്റുകളിൽനിന്ന് ഇറങ്ങിക്കൊടുക്കില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിൽക്കുകയാണ്. വൈദ്യുതിബന്ധം വിച്ഛേദിച്ചാൽ റാന്തൽ സമരവും കുടിവെള്ളം വിച്ഛേദിക്കുകയാണെങ്കിൽ പട്ടിണിസമരവും നടത്തുമെന്ന് ഫ്ളാറ്റ് ഉടമകൾ നേരത്തെ അറിയിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K