25 September, 2019 08:19:15 PM


കിസാന്‍ സമ്മാന്‍ നിധി: കര്‍ഷകരെയും ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കി പുതിയ മൊബൈല്‍ സന്ദേശം



കോട്ടയം: പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതി പ്രകാരം  കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ധനസഹായത്തിന് പാതിവഴിയില്‍ കല്ലുകടി. മൂന്ന് ഗഡുക്കളായി 6000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയുടെ ഒന്നും രണ്ടും തവണകള്‍ ലഭിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന മൊബൈല്‍ ഫോണ്‍ സന്ദേശം കര്‍ഷകരെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും ഒന്നുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.


സ്കീമിനർഹരായ രാജ്യത്തെ 14.5 കോടി കർഷകരിലേക്ക് പദ്ധതി പ്രകാരം പണമെത്തുമെന്നാണ് പ്രഖ്യാപനം. കൂടാതെ അഞ്ചു കോടി കർഷകർക്ക് ഗുണം ചെയ്യുന്ന പെൻഷൻ സ്കീമും സർക്കാർ പ്രഖ്യാപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍കൈ എടുത്ത് പതിനായിരകണക്കിന് കര്‍ഷകരുടെ അപേകഷകളാണ് സ്വീകരിച്ചത്. ഇവരില്‍ കമ്പ്യൂട്ടറില്‍ അപ് ലോഡ് ചെയ്യപ്പെട്ട എല്ലാവര്‍ക്കും തന്നെ ആദ്യഗഡുവായി 2000 രൂപ അവരവരുടെ അക്കൌണ്ടില്‍ ലഭിച്ചിരുന്നു.


എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചിത്രം മാറി. താമസിച്ച് അപ് ലോഡ് ചെയ്യപ്പെട്ട അപേക്ഷകളില്‍ ഏറെയും നിരസിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. അപേക്ഷയിലെയും ബാങ്ക് പാസ് ബുക്കിലെയും കര്‍ഷകന്‍റെ പേരിലുള്ള വൈരുദ്ധ്യമായിരുന്നു ഇതിന് കാരണമായി ചൂണ്ടികാട്ടിയത്. പേരിനൊപ്പം ബാങ്ക് ബുക്കില്‍ ചേര്‍ത്തിട്ടുള്ള മിസ്റ്റര്‍ തുടങ്ങിയുള്ള സംബോധനാ വാക്കുകളും പേരിന്‍റെ ഇനിഷ്യല്‍ തുടങ്ങിയവയിലുള്ള സ്ഥാനചലനങ്ങളും ഒക്കെ പ്രശ്നങ്ങളായി. ബാങ്ക് അക്കൌണ്ടിന്‍റെ സ്വഭാവവും പ്രശ്നമാണെന്ന് പ്രചരണമുണ്ടായതോടെ കര്‍ഷകര്‍ പുതിയ അക്കൌണ്ട് തുറക്കാനുള്ള ഓട്ടവുമായി.


ഇതിനിടെ  ചിലര്‍ക്ക് മൂന്ന് ഗഡുക്കളും കിട്ടി. ഒരാഴ്ച മുമ്പാണ് കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തില്‍ നിന്നും കര്‍ഷകര്‍ക്ക് മൊബൈലില്‍ പുതിയ സന്ദേശങ്ങള്‍ വന്നു തുടങ്ങിയത്. ഇവരില്‍ ഏറെയും ഒന്നും രണ്ടും തവണകള്‍ കൈപ്പറ്റിയവരായിരുന്നു. അപേക്ഷ, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് ഇവയില്‍ കര്‍ഷകന്‍റെ പേരില്‍ കാണുന്ന പൊരുത്തക്കേട് തുക നല്‍കുന്നതിന് തടസമായാണ് സന്ദേശം എത്തുന്നത്. ആദ്യ തവണകള്‍ നല്‍കിയപ്പോള്‍ ഈ പൊരുത്തക്കേട് ശ്രദ്ധയില്‍ പെട്ടില്ലേയെന്നാണ് കര്‍ഷകരുടെ ചോദ്യം.


കൃഷി ഭവനില്‍ എത്തി നോഡല്‍ ഓഫീസറെ കണ്ട് പേരിലുള്ള തെറ്റ് തിരുത്തുവാനും ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ആരാണ് നോഡല്‍ ഓഫീസര്‍ എന്നത് സംബന്ധിച്ച ധാരണ കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ക്കില്ലാത്തതും പ്രശ്നമാകുന്നു. സന്ദേശം ലഭിച്ച് കൃഷി ഭവനുകളിലെത്തുന്ന കര്‍ഷകരുടെ പേരും വിവരങ്ങളും എഴുതിയെടുക്കുന്നുണ്ടെങ്കിലും നോഡല്‍ ഓഫീസറുടെ കാര്യത്തില്‍ വ്യക്തതയില്ലാതെ കൈമലര്‍ത്തുകയാണ് ഉദ്യോഗസ്ഥര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K