25 September, 2019 04:46:21 PM
ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്; നഷ്ടപരിഹാരം ഈടാക്കി ഉടമകൾക്ക് നൽകാന്‍ നീക്കം
കൊച്ചി: മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്. നാല് നിർമ്മാണക്കമ്പനികളുടെ ഉടമകളെ പ്രതി ചേര്‍ത്ത് മരട്, പനങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്. ആൽഫാ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ നിർമ്മാണക്കമ്പനികളാണ് കേസിലെ പ്രതികൾ. നിർമ്മാണക്കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകൾക്ക് നൽകാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.
നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകൾക്ക് നൽകാനാണ് സർക്കാർ നീക്കം. ഇതിനായുള്ള കർമ്മപദ്ധതി ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തെ അറിയിച്ചു. ഫ്ലാറ്റുകൾ പൊളിക്കാൻ തദ്ദേശ സ്വയംഭരണവകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ വിദഗ്ധരുടെ സഹായം തേടിയതായി നഗരസഭ സെക്രട്ടറിയായി ചുമതലേയറ്റ സബ് കളക്ടർ സ്നേഹിൽ കുമാർ സിംങ് അറിയിച്ചു. ഇതിനിടെ നാളെ വൈദ്യുതി വിച്ഛേദിക്കുമെന്ന് കാട്ടി കെഎസ്‍ഇബി നാല് ഫ്ലാറ്റുകളില്‍ നോട്ടീസ് പതിച്ചു.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കി. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് നടപടിയടുത്തില്ലെങ്കിൽ സുപ്രീംകോടതിയിൽ നിന്ന് നടപടി ഉണ്ടാകുമെന്ന് വ്യക്തമായതോടെയാണ് സർക്കാർ നടപടികൾ വേഗത്തിലാക്കിയത്. മൂന്നുമാസത്തിനുളളിൽ ഫ്ലാറ്റുകൾ പൊളിക്കാനുളള കർമപദ്ധതിയാണ് ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. ബിൽഡർമാർക്കെതിരെ കേസെടുക്കുന്നതിനൊപ്പം ഫ്ലാറ്റുകൾ വാങ്ങിയവർക്കുളള പുനരവധിവാസവും ഉറപ്പാക്കേണ്ടതുണ്ട്. നിർമ്മാണക്കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകൾക്ക് നൽകാനാണ് നിലവിലെ ആലോചന.
ഫ്ലാറ്റ് ഒഴിപ്പിക്കലിന്‍റെ ആദ്യപടിയെന്നോണമാണ് മരടിലെ ഫ്ലാറ്റുകളിൽ വൈദ്യുതി വിച്ഛേദിക്കാനുള്ള നടപടി നഗരസഭ തുടങ്ങിയിരിക്കുന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് കെഎസ്ഇബി ജീവനക്കാര്‍ എത്തി നാളെ വൈദ്യുതി വിഛേദിക്കുമെന്ന് കാട്ടി ഫ്ലാറ്റുകളില്‍ നോട്ടീസ് പതിച്ചത്. സുപ്രീംകോടതി വിധിയും നഗരസഭയുടെ നോട്ടീസും കണക്കിലെടുത്താണ് നടപടിയെന്ന് നോട്ടീസിലുണ്ട്. വെള്ളിയാഴ്ചകക്കം വൈദ്യുതി, വെള്ളം , പാചകവാതക കണക്ഷനുകല്‍ വിഛേദിക്കണം എന്നാണ് നഗരസഭ വിവിധ വകുപ്പുകളോട നിര്‍ദേദശിച്ചിരിക്കുന്നത്.