18 September, 2019 11:35:55 PM


മരട് മോഡൽ കോട്ടയം നഗരഹൃദയത്തിലും: അനധികൃതമായി നിർമ്മിച്ചത് പത്തിലേറെ ഫ്‌ളാറ്റുകൾ



കോട്ടയം: പുഴകളുടെ വശങ്ങൾ കയ്യേറിയും തണ്ണിർത്തടങ്ങള്‍ നികത്തിയും കുന്നിടിച്ചും മരട് മോഡലിൽ  നിർമ്മിച്ച ഒട്ടേറെ ഫ്‌ളാറ്റുകൾ കോട്ടയം നഗരത്തിലുമുണ്ടെന്ന് കണ്ടെത്തൽ. പ്രകൃതിയെ സ്‌നേഹിക്കുന്ന ഒരു സംഘം നടത്തിയ പരിശോധനയിലാണ് നഗരത്തിൽ ഏതാനും വര്‍ഷങ്ങളായി ഉയര്‍ന്നുവരുന്ന ഫ്‌ളാറ്റുകളിൽ പലതും അനധികൃതമാണെന്ന് കണ്ടെത്തിയത്. മീനച്ചിലാറിന്‍റെയും കൊടൂരാറിന്‍റെയും  കരയിൽ ചട്ടങ്ങള്‍ ലംഘിച്ചും പാടശേഖരങ്ങൾ നികത്തിയും നിർമ്മിച്ചവയാണ് ഇവയില്‍ ഏറെയും.


മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി നിർദേശം വന്ന സാഹചര്യത്തിലാണ് ജില്ലയിലെ ഫ്‌ളാറ്റുകളെപ്പറ്റി പ്രകൃതി സ്‌നേഹികളുടെ സംഘടന പഠനം നടത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഈ ഫ്‌ളാറ്റുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 


കഴിഞ്ഞ പത്തു വർഷത്തിനിടെ നഗരത്തിൽക്കെട്ടിപ്പൊക്കിയ ഫ്‌ളാറ്റുകളിൽ പലതും പരസ്യമായി ചട്ടങ്ങൾ ലംഘിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇവര്‍ക്ക് വേണ്ട ഒത്താശകള്‍ നല്‍കി രാഷ്ട്രീയപ്രവര്‍ത്തകരും നഗരസഭാ അധികൃതരും രംഗത്തുണ്ടായിരുന്നു. ഫ്‌ളാറ്റുകൾക്കു അനുമതി ലഭ്യമാക്കുന്നതിന് ലക്ഷങ്ങൾ കൈക്കൂലിയായി ഒഴുകിയിട്ടുണ്ടെന്നാണ് സൂചന. ഇത്തരം ഫ്‌ളാറ്റുകളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി നഗരസഭയിലും മറ്റു വകുപ്പുകളിലും വിവരാവകാശ നിയമപ്രകാരം പ്രകൃതി സ്‌നേഹികൾ അപേക്ഷ നൽകിയിരിക്കുകയാണ്.


ഫ്ലാറ്റുകള്‍ മാത്രമല്ല, നഗരത്തില്‍ അടുത്തിടെ ഉയര്‍ന്നിട്ടുള്ള വന്‍ ഷോപ്പിംഗ് കോംപ്ലക്സുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളും അനധികൃതമായും ചട്ടങ്ങള്‍ ലംഘിച്ചും പണിതതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എല്ലാ നിയമങ്ങളും കൃത്യമായി പാലിച്ച് സര്‍ക്കാര്‍ പണിയുന്ന കെട്ടിടങ്ങള്‍ക്ക് ചെറിയ കാരണങ്ങള്‍ പറഞ്ഞ് പെര്‍മിറ്റ് നല്‍കാന്‍ വിസമ്മതിക്കുന്ന നഗരസഭാ അധികൃതര്‍ തന്നെയാണ് വന്‍ തുക പ്രതിഫലം വാങ്ങി ഇത്തരം അനധികൃതനിര്‍മ്മാണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K