18 September, 2019 10:04:57 AM
കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്‌പ്രേ ആക്രണം: വഴിയോര കച്ചവടക്കാർ സംരക്ഷണം ഒരുക്കിയ പ്രതികൾ പിടിയിൽ
കോട്ടയം: നഗരമധ്യത്തിൽ പട്ടാപ്പകൽ കൊറിയർ സർവീസ് സ്ഥാപനത്തിൽ കുരുമുകള് സ്‌പ്രേ പ്രയോഗിച്ച ശേഷം ഒരു ലക്ഷത്തോളം രൂപ കവർന്ന കേസിൽ കഞ്ചാവ് ലഹരി മാഫിയ കേസുകളിലെ പ്രതിയായ ബാദുഷായും കൂട്ടാളി അഖിലും പൊലീസ് പിടിയിലായി. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിൽ ബുധനാഴ്ച പുലർച്ചെയാണ് രണ്ടു പ്രതികളെയും പിടികൂടിയത്. രഹസ്യ കേന്ദ്രത്തിൽ ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. ഇരുവരും ആക്രമണം നടത്താൻ ഉപയോഗിച്ച കുരുമുളക് സ്‌പ്രേയും മറ്റു പ്രതികളുടെ വിവരങ്ങളും പൊലീസ് കണ്ടെത്താനായി ചോദ്യം ചെയ്യൽ തുടരുകയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് തിരുനക്കര പോസ്റ്റ് ഓഫിസ് റോഡിൽ സി.എം.എസ് കോളേജിലേയ്ക്കുളള ഇടവഴിയിൽ രണ്ടംഗ സംഘം എക്‌സ്പ്രസ് ബീസ് എന്ന കൊറിയർ സ്ഥാപനത്തിൽ കയറി ആക്രണം നടത്തി ഒരു ലക്ഷത്തോളം രൂപ കവർന്നത്. ഇതേ ഓഫിസിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങൾ തിരിച്ചറിഞ്ഞ പൊലീസ് സംഘം പ്രതികളെ കണ്ടെത്തിയിരുന്നു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ബാദുഷയും സംഘവുമാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇവർക്കായി അന്വേഷണവും വ്യാപകമാക്കിയിരുന്നു.
ഇതിനിടെയാണ് ബുധനാഴ്ച പുലർച്ചെയോടെ ഡിവൈഎസ്.പി ആർ.ശ്രീകുമാർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നഗരപരിധിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പിടികൂടിയത്. ബാദുഷായ്ക്കും സംഘത്തിനും മോഷണം നടത്തുന്നതിനു വേണ്ട ഒത്താശ ചെയ്തു നൽകിയത് നഗരത്തിലെ ഫുട്പാത്ത് കച്ചവടക്കാരാണെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്.
സംഭവ ദിവസം ഫുട്പാത്തിൽ കാത്തു നിന്ന പ്രതികൾക്കൊപ്പം ആറോളം പേരുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ശാസ്ത്രി റോഡിലെയും, ബേക്കർ ജംഗ്ഷനിലെയും, പോസ്റ്റ് ഓഫിസ് റോഡിലെയും ഫുട്പാത്തുകളിലാണ് ഇവർ തമ്പടിച്ചിരുന്നത്. ഈ സാഹചര്യത്തിൽ നഗരത്തിലെ ഫുട്പാത്ത് കച്ചവടക്കാരുടെ ക്രിമിനൽ ഇടപാടുകൾ പരിശോധിക്കാൻ പൊലീസ് തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.