17 September, 2019 07:16:14 PM


മരട് ഫ്ലാറ്റ് ഉടമകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം: സുപ്രീം കോടതി വിധിയെ അനുകൂലിച്ച് വിഎസ്


 
തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധിയെ അനുകൂലിച്ച് വി.എസ് അച്യൂതാനന്ദന്‍. സുപ്രീംകോടതി വിധി നിമയവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്നും ഉപഭോക്താക്കളെ വഞ്ചിച്ച ഫ്‌ലാറ്റ് ഉടമകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വി.എസ് പറഞ്ഞു. നിയമങ്ങള്‍ ലംഘിച്ച് നടത്തുന്ന ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ വീഴ്ച്ചകള്‍ ചൂണ്ടികാട്ടുമ്പോള്‍ സ്റ്റേ സമ്പാദിച്ച് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പിന്നീടത് വിറ്റഴിക്കുകയുമാണ് നിര്‍മ്മാതാക്കള്‍ ചെയ്യുന്നതെന്നും വി.എസ് ആരോപിച്ചു.


സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്‌ലാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ലാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ടെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഫ്ളാറ്റുകളിൽ നഗരസഭാ അധികൃതർ ഇന്നലെ വീണ്ടും നോട്ടീസ് പതിച്ചു. പുനരധിവാസം ആവശ്യമുള്ളവർ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് അപേക്ഷ നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. അപേക്ഷ നൽകാത്തപക്ഷം പുനരധിവാസം ആവശ്യമില്ലെന്ന നിഗമനത്തിൽ ഫ്ളാറ്റ് പൊളിക്കലിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമുണ്ട്.


അഞ്ച് ദിവസത്തിനുള്ളിൽ ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് സെപ്തംബർ 10ന് നൽകിയ നോട്ടീസിന്റെ കാലാവധി ഞായറാഴ്ച തീർന്നി​രുന്നു. മരട് ഫ്ളാറ്റ് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തെ 17 എം.പിമാർ കത്ത് അയച്ചിട്ടുണ്ട്. അതേസമയം മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യമറിയിച്ച് 13 കമ്പനികൾ രംഗത്ത് വന്നിട്ടുണ്ട്. ഫ്ലാറ്റ് പൊളിക്കാൻ മുൻസിപ്പാലിറ്റി ഓൺലൈൻവഴി അപേക്ഷ ക്ഷണിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K