12 September, 2019 06:35:22 PM
ഓഡിറ്റോറിയങ്ങളില്‍ നിന്ന് വീടുകളിലേക്ക് ചേക്കേറിയ അതിരമ്പുഴയിലെ പൂക്കളമത്സരം ഗൃഹാതുരത്വം ഉണര്‍ത്തി
അതിരമ്പുഴ: അതിരമ്പുഴ നിവാസികള്‍ക്ക് ഇക്കുറി ഓണം ഒരു പുത്തന്‍ അനുഭവമായി. സാധാരണ ഓഡിറ്റോറിയങ്ങളിലും ഹാളുകളിലും ഒതുങ്ങി നിന്ന ഓണ പൂക്കളമത്സരം ഇക്കുറി മത്സരാര്‍ത്ഥികളുടെ ഭവനങ്ങളില്‍ തന്നെ നടത്തിയത് ഗൃഹാതുരത്വം ഉണര്‍ത്തി. വിവിധ നിറങ്ങളില്‍ പല ഗന്ധങ്ങളില്‍ തൊടികളില്‍ പൂത്തുലയുന്ന പൂക്കളിറുക്കാനുള്ള യാത്ര ബാല്യങ്ങള്‍ക്ക് ആഘോഷമായിരുന്ന, ആ പഴയ കാലത്തേക്കൊരു മടക്കയാത്ര ലക്ഷ്യമിട്ട് അതിരമ്പുഴ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്.കരയോഗമാണ് പരിപാടി സംഘടിപ്പിച്ചത്.
ഈറന്‍ പുലരിയില്‍ ഇലക്കുമ്പിളില്‍ തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും ശേഖരിച്ച് പൂവിളി ചൊല്ലി നീങ്ങുന്ന തങ്ങളുടെ ബാല്യം അയവിറക്കാനും പുത്തന്‍തലമുറയ്ക്ക് പകര്‍ന്നു നല്‍കാനും മുതിര്‍ന്നവര്‍ക്ക് ഒരു അവസരവുമായി മാറി പരിപാടി. സാധാരണ ഓഡിറ്റോറിയങ്ങളിലും സ്ഥാപനങ്ങളിലും പൂക്കളമൊരുക്കുന്നതിന് വന്‍ സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന പതിവിനും കടിഞ്ഞാണിടുന്നതായിരുന്നു അതിരമ്പുഴയില്‍ നടന്ന മത്സരം. അന്യം നിന്നും പോകുന്ന വീട്ടുമുറ്റത്തെ പൂക്കളം പുനരാവിഷ്‌ക്കരിക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തി നടത്തിയ മത്സരം വീടുകളില്‍ ഒരുക്കുന്നതിനും പ്രത്യേക നിബന്ധനകള്‍ തന്നെ ഉണ്ടായിരുന്നു.
അത്തം മുതല്‍ പത്ത് ദിവസവും വീട്ടുമുറ്റത്ത് തനിമയാര്‍ന്ന പൂക്കളം ഒരുക്കിയവര്‍ക്കായിരുന്നു മുന്‍ഗണന നല്‍കിയത്. തനിമ കാത്തു സൂക്ഷിക്കുന്നതിന് പലരും ഉപയോഗിച്ചത് തൊടികളില്‍നിന്നും ഭവനങ്ങളില്‍നിന്നും ശേഖരിച്ച പൂക്കള്‍. അത്തം മുതല്‍ പൂവിട്ടവര്‍ കുറവായിരുന്നുവെങ്കിലും വിധിനിര്‍ണ്ണയത്തിന്റെ അവസാനനാളായ ഉത്രാടദിനത്തില്‍ മിക്കവാറും വീടുകളില്‍ മനോഹരമായ പൂക്കളങ്ങള്‍ ഒരുങ്ങി. വിധികര്‍ത്താക്കളും കരയോഗം ഭാരവാഹികളും ജേതാക്കളെ കണ്ടെത്തുന്നതിന് ഓരോ വീട്ടിലും എത്തിയത്അംഗങ്ങള്‍ തമ്മിലുള്ള അടുപ്പം കൂട്ടാനും കാരണമായി. ഇതിനൊക്കെ പുറമെ വനിതകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്ര്‌ത്യേകം മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.