08 September, 2019 05:20:58 PM
തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാൻ കോടതി തള്ളി
അജ്മാൻ: തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാൻ കോടതി തള്ളി. ഹർജിക്കാരനായ നാസിലിനു മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും വിശ്വാസ്യതയില്ലെന്നും കോടതി പറഞ്ഞു. തുഷാറിന്റെ പാസ്പോർട്ടും കോടതി തിരിച്ചു നൽകി. തിങ്കളാഴ്ച തന്നെ തുഷാർ നാട്ടിലേക്കു തിരിച്ചു പോവുമെന്നാണു റിപ്പോർട്ടുകൾ. തൃശൂർ സ്വദേശി നാസിൽ അബ്ദുള്ള നൽകിയ കേസിലായിരുന്നു അജ്മാനിൽ തുഷാർ അറസ്റ്റിലായത്. പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ഇടപെടലിലും 10 ലക്ഷം ദിർഹത്തിന്റെ (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുകയിലും ഉടൻതന്നെ തുഷാറിനു ജാമ്യം ലഭിച്ചു. പാസ്പോർട്ട് പിടിച്ചുവച്ചിരിക്കുന്നതിനാൽ തുഷാറിനു യുഎഇ വിടാനായില്ല.
തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ 12 വർഷം മുൻപു ദുബായിൽ പ്രവർത്തിച്ച ബോയിംഗ് കണ്സ്ട്രക്ഷൻ കന്പനിയുടെ ഉപകരാറുകാരനാണ് നാസിൽ അബ്ദുള്ള. കരാർ ജോലി ചെയ്ത വകയിൽ 90 ലക്ഷം ദിർഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നായിരുന്നു പരാതി. ചെക്കിലെ മുഴുവൻ പണവും കിട്ടിയാലേ പരാതി പിൻവലിക്കൂ എന്ന നിലപാടിലായിരുന്നു നാസിൽ. സുഹൃത്തായ യുഎഇ പൗരന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചു ജാമ്യവ്യവസ്ഥയിൽ ഇളവു നേടാൻ തുഷാർ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
അതേസമയം, പരാതിക്കാരനായ നാസിൽ അബ്ദുള്ള ദുബായ് കോടതിയിലും തുഷാറിനെതിരേ സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അജ്മാൻ പോലീസിൽ നൽകിയ പരാതിക്കു പുറമേയാണിത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തുഷാറിൽനിന്നു കരാർ പ്രകാരം കിട്ടാനുള്ള തുക ലഭിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു. നാസിൽ അബ്ദുള്ളയുടെ ഫോണ് സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണു ദുബായ് കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യുന്നത്. യുഎഇയിൽ കേസ് കൊടുക്കാൻ നാസിൽ അബ്ദുള്ള മറ്റൊരാളിൽനിന്നു ചെക്ക് സംഘടിപ്പിച്ചു എന്ന തരത്തിലാണു ശബ്ദരേഖയിൽ വ്യക്തമാകുന്നത്.