07 September, 2019 07:58:21 PM
പ്രളയം: കോട്ടയം ജില്ലയില്‍ 759 ഉദ്യോഗസ്ഥര്‍ 253 ടീമുകളായി നാശനഷ്ടങ്ങള്‍ വിലയിരുത്തും
കോട്ടയം: കനത്ത മഴയിലും പ്രളയത്തിലും കോട്ടയം ജില്ലയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് ഫീല്‍ഡ് പരിശോധനയ്ക്കായി 759 ഉദ്യോഗസ്ഥരെ ഉള്‍കൊള്ളിച്ച് 253 ടീമുകള്‍ രൂപീകരിച്ചു. പിഡബ്ല്യുഡി, ഇറിഗേഷന്‍, എല്‍എസ്ജിഡി എന്നീ വകുപ്പുകളില്‍ നിന്നുള്ള അസിസ്റ്റന്റ് എഞ്ചീനീയര്‍മാരോ ഓവര്‍സിയര്‍മാരോ നേതൃത്വം നല്‍കുന്ന ടീമില്‍ റവന്യു വകുപ്പിലെയും തദ്ദേശസ്വയംഭരണവകുപ്പിലെയും ഓരോ ഉദ്യോഗസ്ഥനും ഉണ്ടാകും. പ്രാദേശികമായ വിവരങ്ങള്‍ ലഭ്യമാകുന്നതിനും മറ്റും ഒരു സന്നദ്ധ പ്രവര്‍ത്തകനെ കൂടി ടീമില്‍ ഉള്‍പ്പെടുത്തും.
കഴിഞ്ഞ പ്രളയത്തില്‍ അടിയന്തിരധനസഹായത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനും വീടുകള്‍ക്കുണ്ടായ നാശനഷ്ടം കണക്കാക്കുന്നതിനുമുള്ള വിവരശേഖരണം നടത്തുന്നത് റിബില്‍ഡ് കേരളാ മൊബൈല്‍ ആപ്പിലൂടെയാണ്. 2018ലെ പ്രളയത്തില്‍ വീടുകള്‍ക്ക് ഉണ്ടായ നാശനഷ്ടത്തിന് ലഭിച്ച അപ്പീല്‍ അപേക്ഷകളും ഈ ടീം പരിശോധനയ്ക്ക് വിധേയമാക്കും. പ്രളയബാധിതര്‍ നല്‍കിയ അപേക്ഷകളും അപ്പീല്‍ അപേക്ഷകളും പരിശോധനയ്ക്ക് എത്തുന്ന സംഘങ്ങളെ ഏല്‍പ്പിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ബാബു ഗ്രാമപഞ്ചായത്ത്/നഗരസഭാ സെക്രട്ടറിമാര്‍ക്ക് ഉത്തരവ് നല്‍കി.
സംഘാംഗങ്ങള്‍ക്കുള്ള പരിശീലനം സെപ്തംബര്‍ 16ന് താലൂക്ക് അടിസ്ഥാനത്തില്‍ നടക്കും. ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി 41 തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ സംഘം പരിശോധന നടത്തും. മലയോരമേഖലകളില്‍ ഒരു ദിവസം 10 വീടുകളും സമതലപ്രദേശത്ത് 20 വീടുകളുമാണ് സംഘം പരിശോധന നടത്തുക. എന്നാല്‍ നാശനഷ്ടം ഉണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ പ്രദേശങ്ങളും നിലവിലുണ്ട്. അത്തരം മേഖലകളില്‍ പരിശോധനാ സംഘത്തെ നിയോഗിച്ചിട്ടില്ല.
കഴിഞ്ഞ പ്രളയത്തില്‍ നാശനഷ്ടം വിതച്ച തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ വൈക്കം താലൂക്കിലാണ്. 13 എണ്ണം. കോട്ടയത്ത് 11ഉം മീനച്ചിലില്‍ 10ഉം ചങ്ങനാശ്ശേരിയില്‍ ആറും കാഞ്ഞിരപ്പള്ളിയില്‍ ഒന്നും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓരോ താലൂക്കിലും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്ത തദ്ദേശസ്ഥാപനങ്ങളും പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണവും ചുവടെ.
വൈക്കം: ചെമ്പ്, കടുത്തുരുത്തി, കല്ലറ, മാഞ്ഞൂര്‍, മറവന്‍തുരുത്ത്, മുളക്കുളം, ടി.വി.പുരം, തലയാഴം, വെള്ളൂര്‍, വൈക്കം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂര്‍ (87 ടീം, 261 ഉദ്യോഗസ്ഥര്‍).
കോട്ടയം: ആര്‍പ്പൂക്കര, അതിരമ്പുഴ, അയര്‍ക്കുന്നം, അയ്മനം, കുമരകം, മണര്‍കാട്, പനച്ചിക്കാട്, പുതുപ്പള്ളി, തിരുവാര്‍പ്പ്, വിജയപുരം, കോട്ടയം (137 ടീം, 411 ഉദ്യോഗസ്ഥര്‍)
മീനച്ചില്‍: കിടങ്ങൂര്‍, മീനച്ചില്‍, മുത്തോലി, നീണ്ടൂര്‍, രാമപുരം, തീക്കോയി, തലനാട,് തലപ്പലം, തിടനാട്, പാലാ, കോരൂത്തോട് (11 ടീം, 33 ഉദ്യോഗസ്ഥര്‍)
കാഞ്ഞിരപ്പള്ളി: കോരുത്തോട് (ഒരു ടീം, 3 ഉദ്യോഗസ്ഥര്‍)
ചങ്ങനാശ്ശേരി: കുറിച്ചി, പായിപ്പാട്, തൃക്കൊടിത്താനം, വാകത്താനം, വാഴപ്പള്ളി, ചങ്ങനാശ്ശേരി (17 ടീം, 51 ഉദ്യോഗസ്ഥര്‍)