06 September, 2019 04:58:13 PM


കിടക്കാനിടമില്ലാതെ ജനങ്ങള്‍: നഗരസഭയുടെ ഓണാഘോഷം ബഹിഷ്കരിച്ച് പ്രഥമ ചെയര്‍മാനും സിപിഎം അംഗവും



ഏറ്റുമാനൂര്‍: പിഎംഎവൈ പദ്ധതി അനുസരിച്ച് വീട് നിര്‍മ്മിക്കുന്നതിന് സഹായമനുവദിക്കുന്നതില്‍ അലംഭാവം കാട്ടുന്ന നടപടിയില്‍ പ്രതിഷേധിച്ച്  നഗരസഭയുടെ ഓണാഘോഷം ബഹിഷ്കരിച്ച് പ്രഥമ ചെയര്‍മാനും സിപിഎം അംഗവും. വീട് പണിയുന്നതിന് അപേക്ഷ നല്‍കിയവരില്‍  അന്തിമ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം അംഗീകാരം ലഭിച്ച 251 പേര്‍ക്ക്  ആദ്യഗഡു നല്‍കാനുള്ള കേന്ദ്രവിഹിതം മാസങ്ങള്‍ക്ക് മുമ്പ് എത്തിയതാണ്. എന്നിട്ടും ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ നഗരസഭ സ്വീകരിച്ചില്ലെന്നാണ് പരാതി.


കനത്ത മഴയിലും പ്രളയത്തിലും ബുദ്ധിമുട്ട് അനുഭവിക്കുന്നരുള്‍പ്പെടെ കയറി കിടക്കാന്‍ വീടില്ലാതെ വിഷമിക്കുകയാണ് ഒരു വിഭാഗം ജനങ്ങള്‍. അവര്‍ക്കു നേരെ കണ്ണടച്ച് നഗരസഭയില്‍ ഓണം ആഘോഷിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി സിപിഎം അംഗം എന്‍.വി.വിനീഷാണ് ആദ്യം ചടങ്ങില്‍ നിന്ന് ഇറങ്ങി പോയത്. പിന്നാലെ ഇതേ അഭിപ്രായം പറഞ്ഞ് പ്രഥമ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയിലും ഇറങ്ങി. വെള്ളിയാഴ്ച കൌണ്‍സില്‍ യോഗത്തിനു ശേഷമായിരുന്നു ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും സംയുക്ത ഓണാഘോഷം സംഘടിപ്പിച്ചത്. 


തന്‍റെ വാര്‍ഡിലെ വെട്ടിമുകള്‍ നരിക്കുഴിമലയില്‍ ജോസഫിന്‍റെ സ്ഥിതി ചൂണ്ടികാട്ടിയാണ് ബിനീഷ് പ്രതിഷേധത്തിന് തുടക്കമിട്ടത്. തോട്ടം തൊഴിലാളിയായിരുന്ന ജോസഫ് ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് ജോലിക്ക് പോകാനാകാതെ കഴിയുകയാണ്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം പലകയടിച്ച് മറച്ച ഒറ്റമുറി വീട്ടിലാണ് താമസം. മഴയില്‍ നിന്നും രക്ഷനേടാനായി വീട്ടുമുറ്റത്ത് ടാര്‍പോളിന്‍ കെട്ടിയിരിക്കുകയാണ്. അപേക്ഷ അംഗീകരിച്ചെങ്കിലും ജോസഫ് ഉള്‍പ്പെടെ 251 കുടുംബങ്ങള്‍ക്ക് എഗ്രിമെന്‍റ് വെക്കാനോ ആദ്യഗഡു നല്‍കാനോ നഗരസഭ മുന്‍കൈ എടുക്കുന്നില്ലെന്നാണ് പരാതി.


നാല് ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് വീട് വെയ്ക്കാന്‍ ധനസഹായം നല്‍കുക. ഇതില്‍ കേന്ദ്രവിഹിതം ഒന്നര ലക്ഷവും സംസ്ഥാനവിഹിതം ഒരു ലക്ഷവും നഗരസഭാ വിഹിതം ഒന്നര ലക്ഷവുമാണ്. കേന്ദ്രത്തിന്‍റെ ആദ്യഗഡു 40000 രൂപാ പ്രകാരം ഒരു കോടിയിലധികം രൂപ നഗരസഭാ അക്കൌണ്ടില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇതോടൊപ്പം നല്‍കാന്‍ നഗരസഭയുടെ കയ്യില്‍ ഫണ്ടില്ല. ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്താണ് മുന്‍വര്‍ഷങ്ങളില്‍ പദ്ധതി വിഹിതം നഗരസഭ നല്‍കിയത്. 


മനുഷ്യന്‍റെ പ്രാഥമികാവശ്യമായ പാര്‍പ്പിടം എന്നതിന് ഊന്നല്‍ നല്‍കാതെ വ്യാപാരസമുശ്ചയവും തീയേറ്റര്‍ കോംപ്ലക്സും കെട്ടിപടുക്കാന്‍ കോടികള്‍ വായ്പയെടുക്കാന്‍ മുതിരുന്ന ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിന്‍റെയും നഗരസഭാ അധികൃതരുടെയും നടപടിയില്‍ ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷനും സിപിഎം പ്രതിനിധിയുമായ ടി.പി.മോഹന്‍ദാസ് വെള്ളിയാഴ്ച നടന്ന കൌണ്‍സിലില്‍ പ്രതിഷേധം രേഖപ്പെടുത്തി. കാര്യങ്ങളുടെ ഗതി ഇങ്ങനെയെങ്കില്‍ വ്യാപാരസമുശ്ചയ നിര്‍മ്മാണം വേണ്ടെന്ന് വെക്കണമെന്നും പിഎംഎവൈ പദ്ധതിയുടെ സഹായം ഏറ്റവും എളുപ്പം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൂസന്‍ തോമസും അഭിപ്രായപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K