06 September, 2019 01:42:31 PM


ഏറ്റുമാനൂര്‍ എം സി റോഡിലെ അഗാധഗര്‍ത്തങ്ങള്‍: കാരണം ഓട കെട്ടിയടച്ച് നീരൊഴുക്ക് തടസപ്പെട്ടതെന്ന്



ഏറ്റൂമാനൂര്‍: എം.സി.റോഡില്‍ ശക്തിനഗറിനും തവളക്കുഴിയ്ക്കും സമീപം അഗാധഗര്‍ത്തങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച വൈകിട്ട് സ്ഥലത്തെത്തിയ കെഎസ്ടിപി ഉദ്യോഗസ്ഥര്‍ ഗര്‍ത്തം പ്രത്യക്ഷപ്പെട്ട ഭാഗത്തെ മണ്ണ് നീക്കം ചെയ്തപ്പോഴാണ് റോഡ് ഇടിഞ്ഞു താഴുന്നതിന്‍റെ കാരണം കണ്ടെത്തിയത്. ഗര്‍ത്തങ്ങള്‍ പ്രത്യക്ഷപ്പെട്ട ഭാഗത്ത് പണ്ട് ഉണ്ടായിരുന്ന ഓട സ്വകാര്യവ്യക്തി കെട്ടിയടച്ച് പൈപ്പിട്ടതോടെ വെള്ളക്കെട്ട് ഉണ്ടായതാണത്രേ ഈ ഭാഗം ഇടിഞ്ഞു താഴാന്‍ കാരണമായത്.


ചൂരകുളങ്ങര ഭാഗത്ത് നിന്നും എം.സി.റോഡിന് കുറുകെ മാറാവേലിത്തോട്ടിലേക്കുള്ള ഓടയാണ് സ്വകാര്യവ്യക്തി കെട്ടിടനിര്‍മ്മാണവേളയില്‍ അടച്ച് കെട്ടി വെള്ളത്തിന്‍റെ ഗതി തിരിച്ചുവിട്ടത്. സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടത്തിന്‍റെ നടുക്ക് കൂടി സ്ഥാപിച്ച പൈപ്പിലൂടെയാണ് ഇപ്പോള്‍  മറുവശത്തുള്ള മാറാവേലി തോട്ടിലേക്ക് വെള്ളമൊഴുക്കുന്നത്. ഈ പൈപ്പ് അടഞ്ഞ് നീരൊഴുക്ക് തടസപ്പെടുകയും വെള്ളം ഒഴുകി പോകാന്‍ മാര്‍ഗ്ഗമില്ലാതെ കെട്ടികിടന്നതുമൂലം റോഡ് ഇടിഞ്ഞുതാഴുകയുമായിരുന്നുവത്രേ.


റോഡ് നവീകരണവേളയില്‍ കലുങ്കും റോഡിന് എതിർവശവും ഉണ്ടായിരുന്ന കൈ തോടും മൂടി പോകുകയും കെട്ടിടമുടമ സ്ഥാപിച്ച പൈപ്പ് ശ്രദ്ധിക്കാതെ പോകുകയുമായിരുന്നു. യാത്രക്കാർക്ക് അപകടക്കെണിയായി ഗര്‍ത്തം രൂപപ്പെട്ട ഭാഗത്ത് പഴയ കലുങ്ക് നവീകരിച്ചെടുക്കുകയും ഓട പുനര്‍നിര്‍മ്മിക്കുകയുമാണ് അടുത്ത നടപടി. അതിനുമുമ്പ് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി. ഈ ഭാഗത്തെ മണ്ണി നീക്കം ചെയ്ത് കെട്ടികിടന്നവെള്ളം തോട്ടിലേക്ക് ഒഴുക്കിവിടുകയാണിപ്പോള്‍.


ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്ന ഈ ഭാഗത്ത് കെഎസ്ടിപി നിര്‍മ്മിച്ച ഓടയോട് ചേര്‍ന്നാണ് ആദ്യം ഗര്‍ത്തം രൂപപ്പെട്ടത്. ഇതിനു പിന്നാലെ ഒരാഴ്ചയ്ക്കു ശേഷം ടാറിംഗിനോട് ചേര്‍ന്ന് ഒരാള്‍ താഴ്ചയിലും ഗര്‍ത്തം രൂപപ്പെട്ടു. അന്ന് ബൈക്കില്‍ കയറാന്‍ തുടങ്ങവെ കുഴിയിൽ വീണ പത്ര ഏജന്‍റായ കാണക്കാരി നെല്ലിപ്പള്ളിയിൽ സെബാസ്റ്റ്യൻ (55) തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വിഴ്ചയിൽ സെബാസ്റ്റ്യന്‍റെ കൈയ്ക്കും കാലിനും പരിക്കേൽക്കുകയും ചെയ്തിരുന്നു.


കെഎസ്ടിപി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അന്‍സാര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുഷമ, നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്,  വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേശ് ഏറ്റുമാനൂര്‍, പൊതുമരാമത്ത് സ്ഥിരം സമിതി അംഗം ബോബന്‍ ദേവസ്യ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K