03 September, 2019 09:37:07 PM
പ്രകൃതിദുരന്തങ്ങള്‍ക്ക് തകര്‍ക്കാനാവാത്ത കേരളം വാര്‍ത്തെടുക്കുക ലക്ഷ്യം - മുഖ്യമന്ത്രി
കൊച്ചി സമഗ്ര ഗതാഗത വികസിത നഗര പട്ടികയിലേക്ക്
സെപ്തംബര്‍ 18 വരെ മെട്രോ ടിക്കറ്റ് നിരക്കില്‍ 50% ഇളവ്
കൊച്ചി : പ്രകൃതിദുരന്തങ്ങള്‍ക്ക് തകര്‍ക്കാനാവാത്ത കേരളം വാര്‍ത്തെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാജാസ് കോളേജ് മുതല്‍ തൈക്കൂടം വരെ ദീര്‍ഘിപ്പിച്ച കൊച്ചി മെട്രോ റെയില്‍ സേവനത്തിന്റെയും വാട്ടര്‍ മെട്രോ പ്രഥമ ടെര്‍മിനലിന്റെ മരാമത്ത് പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനവും പേട്ട - എസ്.എന്‍.ജംഗ്ഷന്‍ മെട്രോ റെയില്‍ പ്രവൃത്തിയുടെ ശിലാസ്ഥാപനവും കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങളില്‍ പെട്ട നാടിന്റെ പുനഃനിര്‍മാണം വലിയ ഉത്തരവാദിത്തമാണ്. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന നാടായി നമ്മുടെ നാടിനെ മാറ്റുന്നതിനുള്ള പുനഃനിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ഗുണനിലവാരം മികച്ചതാക്കണമെന്നതില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയില്ല. മറിച്ചായാല്‍ വ്യക്തിപരമായ ഉത്തരവാദിത്തം നിശ്ചയിച്ച് നിയമനടപടികളെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. വാട്ടര്‍ മെട്രോ യോടു ചേര്‍ന്ന് ബോട്ടു ജെട്ടികള്‍ വരുന്നതോടെ സമീപത്ത് കച്ചവട സാധ്യതകളുണ്ടാവും. വേമ്പനാട്ടു കായലിനു കരയിലുള്ളവര്‍ക്കും ദ്വീപിലുള്ളവര്‍ക്കും ഇത് ഉപകാരമാകും.
ഈ ഓണം പരിസ്ഥിതി സൗഹാര്‍ദ്ദപരമായി പ്ലാസ്റ്റിക് മുക്തമായി നടത്താന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
മഹാരാജാസ് കോളേജ് മുതല്‍ തൈക്കൂടം വരെ അഞ്ചരക്കിലോമീറ്ററാണ് കൊച്ചി മെട്രോ റെയില്‍ സേവനം വര്‍ധിപ്പിച്ചത്. ഇതോടെ 23.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മെട്രോ സേവനം ലഭിക്കുന്നത്. പേട്ട - എസ്.എന്‍.ജംഗ്ഷന്‍ റെയില്‍ നിര്‍മാണം 24 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ആദ്യ നഗര ജലഗതാഗത മെട്രോയായി അതു മാറും. വാട്ടര്‍ മെട്രോ 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വാട്ടര്‍ മെട്രോയ്ക്കാവശ്യമായ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുകയും സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലെത്തുകയും ചെയ്തിട്ടുണ്ട്. സെപ്തംബര്‍ നാലു മുതല്‍ 18 വരെ കൊച്ചി മെട്രോ ടിക്കറ്റ് നിരക്കില്‍ 50% ഇളവ് ലഭിക്കും. 25 വരെ പാര്‍ക്കിങ്ങും സൗജന്യമായിരിക്കും.
കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷത വഹിച്ചു. നഗരകാര്യ വകുപ്പ് സെക്രട്ടറിയും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ദുര്‍ഗ്ഗ ശങ്കര്‍ മിശ്ര, ഹൈബി ഈഡന്‍ എം പി, ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, എംഎല്‍എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, പി.ടി.തോമസ്, എം.സ്വരാജ്, ചീഫ് സെക്രട്ടറി ടോം ജോസ്, മുന്‍ എംപിമാരായ കെ.വി.തോമസ്, പി.രാജീവ്, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍, കൊച്ചിമെട്രോ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഇ.ശ്രീധരന്‍, എംഡി എ പി എം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.