03 September, 2019 05:57:01 PM


കോട്ടയം ഇനി നിരന്തര നിരീക്ഷണത്തില്‍; വായു മലിനമായാൽ ഉടനടി അറിയാം



കോട്ടയം: അന്തരീക്ഷമലിനീകരണത്തിന്‍റെ കാര്യത്തില്‍ കോട്ടയം ഇനി നിരന്തരനിരീക്ഷണത്തില്‍. ജില്ലയില്‍ എവിടെയും വായു മലിനീകരണത്തിന്‍റെ തോത് നിരീക്ഷിക്കുന്നതിനായി മഹാത്മാഗാന്ധി സർവകലാശാല തയാറാക്കിയ കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന മൊബൈൽ ആംബിയന്‍റ് എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷൻ (എം.എ.എ.ക്യു.എം.എസ്.) സജ്ജമായി. ആദ്യഘട്ടത്തിൽ കോട്ടയം ജില്ലയാണ് നിരീക്ഷണത്തിന് വിധേയമാക്കുന്നതെങ്കിലും ഭാവിയില്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.


വിവിധ സ്ഥലങ്ങളിലെ വായു മലിനീകരണത്തിന്‍റെ അളവ് കണ്ടെത്താനും ആരോഗ്യ മുന്നറിയിപ്പുകൾ നൽകാനും സഹായകമായ മൊബൈൽ സംവിധാനമാണ് ശാസ്ത്ര-സാങ്കേതിക വകുപ്പിന്‍റെ സഹായത്തോടെ എം.ജി. സർവകലാശാല സ്‌കൂൾ ഓഫ് എൻവയൺമെന്‍റൽ സയൻസസ് തയാറാക്കിയിരിക്കുന്നത്. അന്തരീക്ഷത്തിലെ രണ്ടുതരത്തിലുള്ള പൊടിപടലങ്ങൾ, കാർബൺ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ്, ഓസോൺ എന്നിവയുടെ തോത് നിരീക്ഷിക്കുന്നതോടൊപ്പം വായു മലിനീകരണത്തിലെ ചെറിയ മാറ്റങ്ങൾ പോലുമറിയാം.

 

വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് സ്‌കൂൾ ഓഫ് എൻവയൺമെന്‍റൽ സയൻസസ് അങ്കണത്തിൽ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് നിർവഹിച്ചു. നാടിനോടും പരിസ്ഥിതിയോടുമുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്ന സംരംഭങ്ങൾക്കും ഗവേഷണത്തിനുമാണ് സർവകലാശാല ഊന്നൽ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 


വായു മലിനീകരണം ഏറ്റവുമധികം ബാധിക്കുക സ്ത്രീകളെയും കുട്ടികളെയും


ഏറ്റുമാനൂര്‍: വായു മലിനീകരണം കൂടുതൽ ദുരിതം വിതയ്ക്കുന്നത് സ്ത്രീകളിലും കുട്ടികളിലുമെന്ന് ബനാറസ് ഹിന്ദു സർവകലാശാലയിലെ അധ്യാപിക പ്രൊഫ. മധുമിക അഗർവാൾ. വായു മലിനീകരണവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എൻവയൺമെന്‍റൽ സയൻസസ് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.


വീടുകളിൽ വിവിധ ആവശ്യങ്ങൾക്കായി കൽക്കരിയും വിറകും പ്ലാസ്റ്റിക്കുമടക്കം കത്തിക്കുന്നത് പതിവാണ്. ഇത് വലിയതോതിൽ വായു മലിനീകരണത്തിന് കാരണമാകുന്നു. ഇത്തരം പ്രവർത്തികളിൽ കൂടുതലായി ഇടപെടുന്നത് സ്ത്രീകളായതിനാൽ ഇതിന്‍റെ ദുരിതവും പലതരത്തിൽ ഇവർ അനുഭവിക്കുന്നു. ഗാർഹികമായുള്ള വായു മലിനീകരണം കുട്ടികളെയും ബാധിക്കുന്നു. പ്രഭാതസമയത്താണ് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം നടക്കുന്നതെന്നും മധുമിക പറഞ്ഞു.  ഏകദിന സെമിനാർ സർവകലാശാല പ്രൊ-വൈസ് ചാൻസിലർ പ്രൊഫ സി.റ്റി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു.


വായു മലിനീകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രൊഫ. ബി.എസ്. അഗർവാൾ, ഡോ. അഭിലാഷ്,, പ്രൊഫ. കെ. ഉഷ എന്നിവർ  പ്രബന്ധം അവതരിപ്പിച്ചു. സിൻഡിക്കേറ്റംഗം പ്രൊഫ. കെ. ജയചന്ദ്രൻ, പരിസ്ഥിതി ശാസ്ത്ര പഠന വകുപ്പ് മേധാവി പ്രൊഫ. ഇ. വി രാമസ്വാമി, ഡോ.എ.പി. തോമസ്, ഡി.എസ്.ടി. പഴ്‌സ് കോ-ഓർഡിനേറ്റർ പ്രൊഫ. കീർത്തി, പ്രോഗ്രാം കോർഡിനേറ്റർ ഡോ. മഹേഷ് മോഹൻ, ഡോ. കെ.ആർ. ബൈജു, ഡോ. വി.പി. സൈലസ് എന്നിവർ പ്രസംഗിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K