02 September, 2019 03:28:20 PM
നാസിൽ അബ്ദുള്ള കുരുക്ക് മുറുക്കുന്നു; ദുബായ് കോടതിയിൽ തുഷാറിനെതിരേ സിവിൽ കേസ്
ദുബായ്: ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിക്കു കുരുക്കു മുറുകുന്നു. പരാതിക്കാരനായ നാസിൽ അബ്ദുള്ള ദുബായ് കോടതിയിലും തുഷാറിനെതിരേ സിവിൽ കേസ് ഫയൽ ചെയ്തു. അജ്മാൻ പോലീസിൽ നൽകിയ പരാതിക്കു പുറമേയാണിത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തുഷാറിൽനിന്നു കരാർ പ്രകാരം കിട്ടാനുള്ള തുക ലഭിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു.
നാസിൽ നൽകിയ കേസിലായിരുന്നു അജ്മാനിൽ തുഷാർ അറസ്റ്റിലായത്. പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ഇടപെടലിലും 10 ലക്ഷം ദിർഹത്തിന്റെ (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുകയിലും ഉടൻതന്നെ തുഷാറിനു ജാമ്യം ലഭിച്ചു. പാസ്പോർട്ട് പിടിച്ചുവച്ചിരിക്കുന്നതിനാൽ തുഷാറിനു യുഎഇ വിടാനാകില്ല.
തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ 12 വർഷം മുൻപു ദുബായിൽ പ്രവർത്തിച്ച ബോയിംഗ് കണ്സ്ട്രക്ഷൻ കന്പനിയുടെ ഉപകരാറുകാരനാണ് നാസിൽ അബ്ദുള്ള. കരാർ ജോലി ചെയ്ത വകയിൽ 90 ലക്ഷം ദിർഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നാണു പരാതി.
ചെക്കിലെ മുഴുവൻ പണവും കിട്ടിയാലേ പരാതി പിൻവലിക്കൂ എന്ന നിലപാടിലാണു നാസിൽ. കേസ് നടപടികൾ നീണ്ടാൽ തുഷാറിന് അനിശ്ചിതമായി യുഎഇയിൽ തങ്ങേണ്ടിവരും. സുഹൃത്തായ യുഎഇ പൗരന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചു ജാമ്യവ്യവസ്ഥയിൽ ഇളവു നേടാൻ തുഷാർ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
നാസിൽ അബ്ദുള്ളയുടെ ഫോണ് സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണു ദുബായ് കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യുന്നത്. യുഎഇയിൽ കേസ് കൊടുക്കാൻ നാസിൽ അബ്ദുള്ള മറ്റൊരാളിൽനിന്നു ചെക്ക് സംഘടിപ്പിച്ചു എന്ന തരത്തിലാണു ശബ്ദരേഖയിൽ വ്യക്തമാകുന്നത്.