31 August, 2019 03:09:33 PM


നാളെ മുതല്‍ കീശ കീറി തുടങ്ങും: റോഡു നിയമം പാലിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് പിഴയ്‌ക്കൊപ്പം തടവും



കൊച്ചി: ഇനി ചെറിയ പിഴയില്ല. പകരം കീശ കീറുക തന്നെ ചെയ്യും. നാളെ മുതല്‍ റോഡു നിയമം പാലിക്കാതെ വാഹനം ഓടിക്കുന്നവരെ കാത്തിരിക്കുന്നത് പിഴയ്‌ക്കൊപ്പം തടവും. മോട്ടോര്‍ വാഹന നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ നാളെ (സെപ്റ്റംബര്‍ 1) മുതല്‍ നടപ്പിലാക്കും. റോഡിലെ നിയമലംഘനങ്ങള്‍ക്ക് ചെറിയ പിഴ അടച്ച് ഇനി മുതല്‍ രക്ഷപെടാനാകില്ല. 30 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ വിപുലമായ ഭേദഗതികള്‍ വരുന്നത്. വിവിധ നിയമ ലംഘനങ്ങള്‍ക്ക് തടവ് ഉള്‍പ്പെടെ കുത്തനെയാണ് പിഴത്തുക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.


മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ആറു മാസം തടവും 10,000 രൂപ പിഴയും നല്‍കണം. കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴയോടൊപ്പം രണ്ട് വര്‍ഷം തടവും അനുഭവിക്കേണ്ടി വരും. ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചാല്‍ നിലവിലുള്ള പിഴയായ 100 രൂപയ്ക്ക് പകരം 1000 രൂപ ഒടുക്കേണ്ടി വരും. ചുവറ്റ് ലൈറ്റ് മറികടക്കുക, സ്‌റ്റോപ്പ് സിഗ്നല്‍ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിച്ചുള്ള യാത്ര തുടങ്ങിയവയ്ക്ക് 5000 രൂപ പിഴയും 1 വര്‍ഷം വരെ തടവുമാണ് ശിക്ഷ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K