28 August, 2019 08:56:15 PM
ഏറ്റുമാനൂരില്‍ എം.സി.റോഡ് വീണ്ടും ഇടിഞ്ഞുതാണു; പത്രം ഏജന്‍റും മകനും രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഏറ്റുമാനൂര്‍: ആധുനിക നിലവാരത്തില്‍ നവീകരിച്ച എം.സി.റോഡ് വീണ്ടും ഇടിഞ്ഞുതാണ് ഗര്‍ത്തം രൂപപ്പെട്ടു. ഗര്‍ത്തത്തിലകപ്പെട്ട പത്രം ഏജന്‍റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മാധ്യമം ഏജന്‍റ് കാണക്കാരി നെല്ലിപള്ളില്‍ സെബാസ്റ്റ്യന്‍ ആണ് അപകടത്തില്‍പെട്ടത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ പത്രവിതരണവും കഴിഞ്ഞ് മകന്‍റെ ബൈക്കില്‍ കയറാന്‍ തുടങ്ങവെ റോഡിനോട് ചേര്‍ന്ന ഭാഗം ഇടിഞ്ഞ് താഴുകയായിരുന്നു. കഴുത്തോളം ഭൂമിക്കടിയിലേക്ക് പോയ സെബാസ്റ്റ്യന്‍ ബൈക്കിലെ പിടിത്തം വിടാതിരുന്നത് രക്ഷയായി. ഓടികൂടിയ സമീപവാസികളും വ്യാപാരികളും സെബാസ്റ്റ്യനെ പിടിച്ച് കയറ്റുകയായിരുന്നു.
എം.സി. റോഡില്‍ ഒന്നിനു പിന്നാലെ ഒന്നായി പ്രത്യക്ഷപ്പെടുന്ന ഗുഹ പോലെയുള്ള അഗാധഗര്‍ത്തങ്ങള്‍ നാട്ടുകാരില്‍ ആശങ്കയുണര്‍ത്തിയിരിക്കുകയാണ്. ബുധനാഴ്ച അപകടമുണ്ടായതിനു സമീപം രണ്ട് മീറ്റര്‍ മാറി ഒരാഴ്ച മുമ്പ് പ്രത്യക്ഷപ്പെട്ട ഗര്‍ത്തം അധികൃതര്‍ എത്തി മൂടിയിരുന്നു. അന്ന് വ്യാപാരികള്‍ മീന്‍പെട്ടികള്‍ ചുറ്റും വെച്ച് അപകടസാധ്യത മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. ബുധനാഴ്ച വീണ്ടും റോഡ് ഇടിഞ്ഞ് താണ പിന്നാലെ വ്യാപാരികള്‍ പഴയതുപോലെ മീന്‍പെട്ടികള്‍ നിരത്തി. ടാറിംഗിനോട് ചേര്‍ന്ന ഭാഗമായതിനാല്‍ അപകടസാധ്യത ഏറെയെന്ന് മനസിലാക്കിയ പോലീസ് വൈകിട്ട് ദിശാ ബോര്‍ഡുകളും ടാര്‍ വീപ്പകളും കുഴിക്കു ചുറ്റും സ്ഥാപിച്ച് മറയുണ്ടാക്കി.
ചൂരകുളങ്ങര ഭാഗത്തുനിന്നും മാറാവേലി തോട്ടിലേക്കുള്ള ഒരു ഓട റോഡിന് കുറുകെ ഈ പ്രദേശത്ത് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. റോഡിന്‍റെ വശത്ത് സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തോട് ചേര്‍ന്ന് കെ.എസ്.ടി.പി പണിത പുതിയ ഓടയ്ക്കരികിലാണ് ആദ്യം ഒരാഴ്ച മുമ്പ് ഇടിഞ്ഞു താണ് ഗര്‍ത്തമുണ്ടായത്. ഇതിനു നേരെ രണ്ട് മീറ്റര്‍ മാറി റോഡിലെ ടാറിംഗിനോട് ചേര്‍ന്നാണ് ഇന്നലെ വീണ്ടും ഇടിഞ്ഞു താണതിലാണ് നാട്ടുകാര്‍ക്ക് ആശങ്ക. നല്ല ട്രാഫിക്കുള്ള എം.സി.റോഡിന്‍റെ നടുവിലും ഇത്തരം ഗര്‍ത്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം പട്ടിത്താനം ജംഗ്ഷനില്‍ റോഡ് ഇടിഞ്ഞു താണ് ഗുഹ പോലെ ഗര്‍ത്തം രൂപപ്പെട്ടത് ഉദാഹരണമായി ചൂണ്ടികാട്ടുന്നു.
റോഡിന്‍റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ നിലനിന്നിരുന്ന ഓടകളും സ്ഥലമേറ്റെടുത്തപ്പോള്‍ റോഡിനുള്ളിലായ കിണറുകളും മറ്റും ശാസ്ത്രീയമായ രീതിയില്‍ അപകടരഹിതമായി മൂടാത്തതും കലുങ്കുകള്‍ സഹിതമുള്ള പ്രവൃത്തികളിലെ പോരായ്മയുമാണ് ഈ പ്രവണതകള്‍ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. നവീകരണം നടന്നുകൊണ്ടിരിക്കെ തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ അപാകതയുള്ളതായി നാട്ടുകാരും വിദഗ്ധരും പരാതിപ്പെട്ടിരുന്നു. ടാറിംഗ് പൂര്‍ത്തിയായ ശേഷം ഓടനിര്‍മ്മാണത്തിനും കലുങ്ക് നിര്‍മ്മാണത്തിനുമായി റോഡ് പലയിടത്തും കുത്തിപൊട്ടിച്ചു. കലുങ്കുകള്‍ പലയിടത്തും വീതി കുറച്ച് പണിതത് വീണ്ടും പൊളിച്ച് വീതി കൂട്ടി.
സ്വകാര്യവ്യക്തികളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും താല്‍പര്യം സംരക്ഷിച്ച് പലവട്ടം റോഡ് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു. കലുങ്ക്, ഓടകള്‍ നിര്‍മ്മിച്ചതിലെ അശാസ്ത്രീയത മൂലം ചെറിയ മഴയ്ക്കു പോലും വെള്ളകെട്ട് സ്ഥിരം കാഴ്ചയായി. അത്യാധുനിക നിലവാരത്തില്‍ നവീകരിച്ചെന്ന് അവകാശപ്പെടുന്ന റോഡിന്‍റെ ഉപരിതലം പലയിടത്തും പാളികളായി അടര്‍ന്നു മാറി. ഒപ്പം ചെറുതും വലുതുമായ ഒട്ടേറെ കുഴികളും. രണ്ട് ഘട്ടങ്ങളായി നടന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വര്‍ഷം മാത്രമായിരുന്നു കാലാവധി. കാലാവധി തീരാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കെയാണ് നവീകരിച്ച റോഡിന്‍റെ ഉദ്ഘാടനവും നടന്നത്.