24 August, 2019 10:33:18 AM


സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സഭയുടെ ഭീഷണിക്കത്ത്; പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി




കൽപ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സഭയുടെ ഭീഷണിക്കത്ത്. സിസ്റ്റര്‍ ലൂസി പോലീസിന് നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും എഫ്‌സിസി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പുറത്താക്കലിന്റെ കാരണം വിശദീകരിക്കുന്ന കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നാണ് ഭീഷണി. ഫ്രാങ്കോയ്ക്ക് എതിരെ സമരം ചെയ്തതിനല്ല സിസ്റ്റര്‍ ലൂസിയെ പുറത്താക്കുന്നത്. ചെയ്ത തെറ്റുകള്‍ മറ്റ് ചിലതാണെന്നും സഭ വ്യക്തമാക്കുന്നു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് കത്തില്‍ പറയുന്നു.


മഠത്തില്‍ നന്നിഷ്ടപ്രകാരം ജീവിക്കാം എന്ന് കരുതരുത്. പരാതി പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ മഠത്തില്‍ തുടരാം. ഇല്ലെങ്കില്‍ മറ്റ് കന്യാസ്ത്രീകള്‍ പരാതി നല്‍കും. സംസ്ഥാന വനിത കമ്മീഷന് പരാതി നല്‍കും. കേസും ആരോപണങ്ങളും സഭയെ അപകീര്‍ത്തിപ്പെടുത്തുന്നതിന്. കേസ് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു.


നേരത്തെ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരേ മാനന്തവാടി രൂപതയുടെ പിആര്‍ഒ ടീം അംഗമായ വൈദികന്‍ നോബിള്‍ തോമസ് പാറയ്ക്കല്‍ നടത്തിയ അപവാദ പ്രചരണം വലിയ വിവാദമായിരുന്നു. പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തരത്തില്‍ മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് ആരോപണം. ഇതിനെതിരേ സി.ലൂസി കളപ്പുര പരാതിയും നല്‍കിയിരുന്നു.


സിസ്റ്ററെ കാണാന്‍ അടുക്കള വാതിലിലൂടെ പുരുഷന്മാര്‍ കയറുന്നു എന്ന രീതിയിലാണ് വീഡിയോയിലെ പ്രചരണം. മാധ്യമ പ്രവര്‍ത്തകര്‍ മഠത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ ദൃശ്യങ്ങള്‍ മാത്രം മുറിച്ചെടുത്ത് തയ്യാറാക്കിയ വീഡിയോ വന്‍ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്.


തനിക്കെതിരേ നവമാധ്യമങ്ങളിലൂടെ അപമാനിക്കാനും ശ്രമം നടക്കുയാണെന്നും ഒരു കന്യാസ്ത്രീയായ തനിക്കെതിരേ ഇതാണ് പെരുമാറ്റമെങ്കില്‍ സാധാരണ സ്ത്രീകള്‍ക്കെതിരേ എന്തായിരിക്കും ഇവരുടെ സ്വഭാവമെന്നും ചോദിച്ചു. ഇത് സ്ത്രീത്വത്തിനെതിരേയുള്ള അപമാനമാണെന്നും കേരളത്തിലെ ഒരു സ്ത്രീയ്ക്കും ഇതുപോലെയുള്ള സംഭവം ഉണ്ടാകാന്‍ പാടില്ലെന്നും സി. ലൂസി കളപ്പുര പറഞ്ഞിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K