23 August, 2019 07:36:36 PM
ബാധ്യതാ കാലാവധി കഴിഞ്ഞ പിന്നാലെ എം.സി.റോഡ് തകര്‍ന്നു; സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം
- എം.പി.തോമസ്
കോട്ടയം: വമ്പന്‍ കരാറുകാരാല്‍ ആധുനിക രീതിയില്‍ നവീകരിച്ച എം.സി.റോഡ് വീണ്ടും കുണ്ടും കുഴിയുമായി. റോഡ് തകര്‍ന്നാല്‍ മഴയെ കുറ്റം പറഞ്ഞിരുന്ന കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അതിനിട കൊടുക്കാനാവാത്ത രീതിയിലാണ് റോഡില്‍ പലയിടത്തും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. മഴയ്ക്ക് മുമ്പേ രൂപം പ്രാപിച്ച ചെറിയ കുഴികള്‍ ഇപ്പോള്‍ വെള്ളം കെട്ടി കിടന്ന് വന്‍ കുഴികളായി മാറി. അത്യാധുനിക നിലവാരത്തില്‍ നവീകരിച്ച റോഡിന്‍റെ ഉപരിതലം പലയിടത്തും പാളികളായി അടര്‍ന്നു മാറി. ഒപ്പം ചെറുതും വലുതുമായ ഒട്ടേറെ കുഴികളും.
ഏറ്റുമാനൂര്‍ പട്ടിത്താനം മുതല്‍ മൂവാറ്റുപുഴ വരെയും ചെങ്ങന്നൂര്‍ വരെയും രണ്ട് റീച്ചികളായി എം.സി.റോഡിന്‍റെ നവീകരണം നടന്നുകൊണ്ടിരിക്കെ തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ അപാകതയുള്ളതായി നാട്ടുകാരും വിദഗ്ധരും ചൂണ്ടികാട്ടിയിരുന്നു. എന്നാലത് അധികൃതര്‍ ആരും മുഖവിലയ്‌ക്കെടുത്തില്ല. 2018 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് രണ്ട് റീച്ചുകളുടെയും പണി പൂര്‍ത്തിയാക്കിയത്. ഒരു വര്‍ഷമായിരുന്നു ബാധ്യത കാലാവധി. എന്നാല്‍ ബാധ്യതാ കാലാവധി തീരും മുമ്പ് തന്നെ റോഡ് പലയിടത്തും പൊട്ടിപൊളിഞ്ഞു. ടാറിംഗ് പൂര്‍ത്തിയായ ശേഷം ഓടനിര്‍മ്മാണത്തിനും കലുങ്ക് നിര്‍മ്മാണത്തിനുമായി റോഡ് പലയിടത്തും കുത്തിപൊട്ടിച്ചു. കലുങ്കുകള്‍ പലയിടത്തും വീതി കുറച്ച് പണിതത് വീണ്ടും പൊളിച്ച് വീതി കൂട്ടി. റോഡിന്‍റെ ഉദ്ഘാടനം നടന്നതാകട്ടെ കരാറുകാരന്‍റെ ബാധ്യതാ കാലാവധി കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയും. അന്ന് ഉദ്ഘാടനം പ്രമാണിച്ച് റോഡില്‍ രൂപപ്പെട്ട കുഴികള്‍ ഓടിച്ചിട്ട് അടച്ച് കരാറുകാരന്‍ തടിതപ്പി.
2002ല്‍ ഏറ്റെടുത്ത് കല്ലിട്ട സ്ഥലം റോഡ് നവീകരണത്തിനായി കരാറ്കാര്‍ക്ക് കൈമാറിയത് 2014ലാണ്. ഇതിനോടകം സ്ഥലം വിട്ടുകൊടുത്ത സ്വകാര്യവ്യക്തികള്‍ തന്നെ പലയിടത്തും കയ്യേറ്റം നടത്തി. പട്ടിത്താനം ജംഗ്ഷനില്‍ ഉള്‍പ്പെടെ നവീകരണം നടക്കുന്നതിനിടെ തന്നെ റോഡിലേക്കിറക്കി കെട്ടിടവും മതിലും പണിതവരുമുണ്ട്. റോഡിന് സ്ഥലം ഏറ്റെടുത്തതിലെ അപാകത റോഡിന്‍റെ പല ഭാഗത്തും വീതി കുറയാന്‍ കാരണമായി. വളവുകള്‍ ശരിയാം വണ്ണം നിവര്‍ക്കാത്തത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായി. സ്വകാര്യവ്യക്തികളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും താല്‍പര്യം സംരക്ഷിച്ച് പലവട്ടം റോഡ് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു. കലുങ്ക് പണിയുടെ അശാസ്ത്രീയത മൂലം ചെറിയ മഴയ്ക്കു പോലും വെള്ളകെട്ട് സ്ഥിരം കാഴ്ചയായി. ഓട നിര്‍മ്മാണത്തിലും വന്‍ പാകപിഴകളാണ് സംഭവിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലുമായി കരാറുകാരുടെ ബാധ്യതാ കാലാവധി തീര്‍ന്നു. കരാര്‍ വെച്ചപ്പോഴുണ്ടായ പ്രശ്‌നമാണ് ബാധ്യതാകാലാവധി ഒരു വര്‍ഷം മാത്രമായി ചുരുങ്ങാന്‍ കാരണമെന്ന് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച റോഡില്‍ രൂപം കൊണ്ട കുഴികള്‍ നികത്തണമെങ്കില്‍ ഇനി പുതിയ കരാറുകാരെ കണ്ടെത്തണം. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് വീണ്ടും ബാധ്യത വരുത്തുകയാണിത്.
ഏറ്റുമാനൂരിനും ഗാന്ധിനഗറിനും ഇടയില്‍ രൂപം കൊണ്ടിരിക്കുന്ന കുഴികളാകട്ടെ ഇതിനോടകം ഒട്ടേറെ അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. അടിച്ചിറയില്‍ റോഡിന്‍റെ ഉപരിതലം പൊളിഞ്ഞിടത്ത് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായി. തവളക്കുഴിയ്ക്ക് സമീപം ഓടയോട് ചേര്‍ന്ന് റോഡ് ഇടിഞ്ഞു താണ് ഗുഹ പോലെ വലിയ ഗര്‍ത്തം രൂപപ്പെട്ടു. തെള്ളകത്ത് സ്വകാര്യ ആശുപത്രിയ്ക്കു മുമ്പിലെ വെള്ളക്കെട്ട് മാറ്റാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല. റോഡ് പണി നടന്നുകൊണ്ടിരുന്നപ്പോള്‍ മുതലുള്ളതാണ് ഈ വെള്ളകെട്ട്. കലുങ്ക് നിര്‍മ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിട്ടും ഇന്നേവരെ ഒരു നടപടിയും ഉണ്ടായില്ല.