22 August, 2019 09:22:24 PM
പുനര്‍നിര്‍മാണത്തിന്‍റെ വിജയം; കല്ലറയില്‍ ബണ്ട് കെട്ടി സംരക്ഷിച്ചത് 3500 ഏക്കര്‍ നെല്‍കൃഷി
വൈക്കം: കഴിഞ്ഞ പ്രളയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് കല്ലറ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച ബണ്ട് സംരക്ഷിച്ചത് 3500 ഏക്കര്‍ നെല്‍ക്കൃഷി. പറമ്പന്‍കരി, പറമ്പന്‍ 54, ആനച്ചാന്‍കുഴി, സി. ബ്ലോക്ക് എന്നിങ്ങനെ 40 ഓളം പാടശേഖരങ്ങളിലെ 41 ദിവസത്തിലധികം പ്രായമായ നെല്‍കൃഷിയാണ് വെള്ളം കയറാതെ സംരക്ഷിക്കാനായത്. പ്രദേശത്തെ 250 ഓളം വീടുകളിലും ഇത്തവണ വെള്ളം കയറിയില്ല.
പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ 42,000 മീറ്റര്‍ നീളത്തില്‍ ഒക്ടോബറില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാലുമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന മടകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാനും അറ്റകുറ്റപണികള്‍ നടത്താനുമായി 5,50,577 രൂപയും ബണ്ട് നിര്‍മിക്കുന്നതിന് 24,31,020 രൂപയും ചെളി നീക്കം ചെയ്ത് വാച്ചാല്‍ പുനര്‍നിര്‍മ്മിക്കാന്‍ 1,60,19,916 രൂപയുമടക്കം 1.90 കോടി രൂപയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്.
കഴിഞ്ഞ പ്രളയത്തില്‍ നെല്‍ക്കൃഷി പൂര്‍ണ്ണമായും നശിച്ച് കോടികളുടെ നഷ്ടമാണ് ഇവിടുത്തെ കര്‍ഷകര്‍ക്കുണ്ടായത്. പ്രദേശത്തെ മുഴുവന്‍ വീടുകളിലും വെള്ളം കയറിയിരുന്നു. പല പാടശേഖരങ്ങളും തുടര്‍കൃഷിക്ക് യോഗ്യമല്ലാത്ത രീതിയില്‍ നശിച്ചു. കൃഷിഭവനും പാടശേഖരസമിതിയും ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇത്തവണ പ്രളയത്തെ അതിജീവിക്കാന്‍ സഹായിച്ചത്.