21 August, 2019 02:37:47 PM
ഏറ്റുമാനൂരില്‍ പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഗുണ്ടാ സംഘം; ഒരാള്‍ അറസ്റ്റില്‍
ഏറ്റുമാനൂർ: പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കഞ്ചാവ് മാഫിയാ. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ കോട്ടമുറി മുണ്ടുവേലിപ്പടിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ സംഭവത്തില്‍ പോലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് നലനാരിഴയ്ക്ക്. ഒരു വീടിന് നേരെ നടത്തിയ അക്രമത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് പരിശോധന നടത്തി വരുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിൽ കാണക്കാരി മാവേലിനഗര്‍ വലിയതടത്തിൽ ഡൽവിൻ ജോസഫ് (20) നെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി 12 മണിയോടെ അതിരമ്പുഴ കോട്ടമുറി ഭാഗത്ത് മലപ്പറമ്പിൽ പയസ്സിന്‍റെ വീട് അക്രമി സംഘം എറിഞ്ഞ് തകർത്തിരുന്നു. പകൽ 4 മണിയോടെ സംഘത്തിൽപെട്ട കൌമാരക്കാരന്‍ സമീപത്തെ റോഡിലൂടെ അമിത വേഗതയിൽ ബൈക്ക് ഓടിച്ച് പോയത് പയസും നാട്ടുകാരും ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ചോദ്യം ചെയ്യലില്‍ പ്രകോപിതനായ ഇയാൾ രാത്രി മറ്റ് അംഗങ്ങളെ കൂട്ടി വന്ന് പയസിന്‍റെ വീട്ടില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കുരുമുളക് സ്പ്രേയും വടിവാള്‍ ഉള്‍പ്പെടെ മാരകായുധങ്ങളും ആയിട്ടായിരുന്നു സംഘം എത്തിയത്.
അക്രമത്തിനിടെ പയസിന്‍റെ വീടിന്‍റെ ജനൽ ചില്ലുകളും മറ്റും സംഘം അടിച്ച് തകർത്തു. തുടർന്ന് അവിടെ നിന്നും കടന്ന് കളഞ്ഞ സംഘം 200 മീറ്ററോളം മാറി മലേപ്പറമ്പ് ഭാഗത്ത് കാറിൽ കൂട്ടം കൂടി നിലയുറപ്പിച്ചു. രണ്ടു കാറുകളിലായാണ് സംഘം എത്തിയത്. രാത്രി ഒരു മണിയോടെ അക്രമവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ പോലീസ് പെട്രോളിംഗ് നടത്തുന്നതിനിടെ ഇവരെ കണ്ടെത്തി. പോലിസ് ഇവരുടെ അടുത്തേക്ക് ചെന്നതോടെ സംഘം കാറുകളിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇരു കാറുകളും തമ്മില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
കാറിൽ നിന്നും പുറത്തിറങ്ങിയ സംഘം പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത് അപ്രതീക്ഷിതമായാണ്. ഇവർ എറിഞ്ഞ ബോംബുകൾ പൊട്ടാതിരുന്നത് മൂലം പോലീസ് രക്ഷപെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറുകളില്‍ നിന്ന് ബിയര്‍ കുപ്പികളില്‍ നിറച്ച പെട്രോള്‍ കൂടാതെ വടിവാളുകളും കണ്ടെടുത്തു. പോലീസ് പിടിച്ചെടുത്ത കാര്‍ വാടകയ്ക്ക് എടുത്തതാണത്രേ. പയസിന്‍റെ വീട് ആക്രമിച്ച പ്രതികള്‍ വീണ്ടും നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്‍റെ ശ്രദ്ധയില്‍പെട്ടത്.
ഹാഷിഷ് ഓയിൽ കടത്തുന്നതിനിടെ പിടിയിലായ അതിരമ്പുഴ സ്വദേശി ജോർജ് കുട്ടിയുടെയും മാസങ്ങള്‍ക്ക് മുമ്പ് ഏറ്റുമാനൂര്‍ പട്ടിത്താനത്ത് എക്സൈസ്കാരെ ആക്രമിച്ച സംഘത്തിലെയും ആളുകള്‍ ഉള്‍പ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. 17 പേര്‍ക്കെതിരെ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.