20 August, 2019 08:09:56 PM
സ്കൂള്‍ കെട്ടിടം കയ്യേറി സാസ്കാരിക നിലയം: പോലീസ് കൈവിട്ടു; തര്‍ക്കം റവന്യു അധികൃതരിലേക്ക്
കോട്ടയം: സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം കയ്യേറി സാംസ്കാരിക നിലയം പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കുന്നതില്‍ നിന്നും പോലീസ് പിന്മാറി. നീണ്ടൂര്‍ മൂഴികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന നീണ്ടൂര്‍ പഞ്ചായത്ത് ഗവ.എല്‍.പി.സ്കൂള്‍ വളപ്പില്‍ ഗ്രാമപഞ്ചായത്ത് വക സാസ്കാരിക നിലയത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന ആവശ്യം ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇടപെട്ടിട്ടും തീരാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്.
സാംസ്കാരികനിലയം പ്രവര്‍ത്തിക്കുന്നത് തങ്ങളുടെ കെട്ടിടത്തിലാണ് എന്നാണ് ഗ്രാമപഞ്ചായത്തിന്‍റെ വാദം. സ്കൂള്‍ വളപ്പിലെ സാംസ്കാരിക നിലയം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നുവെന്നും സ്കൂളിന്‍റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടികാട്ടി പ്രധാനാധ്യാപകന്‍ എഈഓ മുഖേന ചീഫ് സെക്രട്ടറിയ്ക്കും പോലീസിനും ജില്ലാ കളക്ടര്‍ക്കും കത്ത് നല്‍കിയിരുന്നു. പാലാ ഡിഇഓ മുഖേന നടത്തിയ അന്വേഷണത്തില്‍ സാംസ്കാരികനിലയത്തിന്‍റെ പ്രവര്‍ത്തനം സ്‌കൂള്‍ കെട്ടിടത്തില്‍ അവസാനിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു.
ഇതേതുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ ക്ലബ് ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കുകയും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ 8-ാം തീയതി പുതിയ താഴിട്ട് പൂട്ടി കെട്ടിടം ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും വാര്‍ഡ് മെമ്പറും ഉള്‍പ്പെടെയുള്ള സംഘം എത്തി ഹെഡ്മാസ്റ്റര്‍ ഇട്ട താഴ് അറത്തുമാറ്റി. ഇതേ തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാംസ്കാരിക നിലയം ഭാരവാഹികളെയും പഞ്ചായത്ത് പ്രസിഡന്‍റിനെയും ചൊവ്വാഴ്ച ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരുന്നു. ഒപ്പം സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ആരുടേതെന്നുള്ള രേഖ ഹാജരാക്കുവാന്‍ വില്ലേജ് ഓഫീസറോടും ആവശ്യപ്പെട്ടു.
സ്ഥലവും കെട്ടിടവും നീണ്ടൂര്‍ പഞ്ചായത്ത് സ്കൂളിന്‍റെ ഉടമസ്ഥതയിലുള്ളതാണ് എന്ന് സാക്ഷ്യപ്പെടുത്തി ഓണംതുരുത്ത് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. എന്നാല്‍ വിവാദകെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശം നീണ്ടൂര്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്കാണെന്നായിരുന്നു സെക്രട്ടറി സാക്ഷ്യപത്രം നല്‍കിയത്. ഇതോടെ പ്രശ്നം അഴിയാക്കുരുക്കായി. വിദ്യാഭ്യാസവകുപ്പിന്‍റെ സ്ഥലത്ത് പണിതിരിക്കുന്ന കെട്ടിടത്തിന് എങ്ങിനെ പഞ്ചായത്ത് ഉടമയാകും എന്നായി സ്കൂള്‍ അധികൃതരുടെ ചോദ്യം.
സ്കൂള്‍ വളപ്പിലെ കെട്ടിടത്തിന്‍റെ പൂട്ട് അറുത്ത് മാറ്റിയ നടപടിയില്‍ കേസ് എടുക്കണമെന്ന ആവശ്യവും ഇതോടെ മാറ്റിവെക്കപ്പെട്ടു. കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശത്തെ പറ്റി അന്തിമ റിപ്പോര്‍ട്ട് കിട്ടിയിട്ടാകാം അത്തരം നടപടികളെന്നായി പോലീസ്. ആര്‍ഡിഓയോട് ഉടമസ്ഥാവകാശം നിര്‍ണ്ണയിച്ചു തരണമെന്ന് ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിച്ച് പോലീസ് തത്ക്കാലം വിഷയത്തില്‍ നിന്നും തടിയൂരി.
Share this News Now:
Like(s): 5.9K