20 August, 2019 05:45:05 PM
കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ ജല അതോറിറ്റി എത്തിച്ചത് 39,000 ലിറ്റര്‍ ശുദ്ധജലം
കോട്ടയം: മഴക്കെടുതിയെത്തുടര്‍ന്ന് ജില്ലയില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ജല അതോറിറ്റി ലഭ്യമാക്കിയത് 39,000 ലിറ്റര്‍ ശുദ്ധജലം. കോട്ടയം മെഡിക്കല്‍ കോളേജ് ശുദ്ധീകരണ പ്ലാന്‍റില്‍ നിന്നാണ് ക്യാമ്പുകളില്‍ പാചകത്തിനും കുടിക്കുന്നതിനുമായി വെള്ളമെത്തിച്ചത്. അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്കുപുറമെ വാടകയ്ക്ക് എടുത്ത ടാങ്കറുകളും ഇതിനായി ഏര്‍പ്പെടുത്തിയിരുന്നു. ടാങ്കറില്‍ 7500 ലിറ്ററും കാനുകളില്‍ 30,000 ലിറ്ററുമാണ് എത്തിച്ചത്.
20 ലിറ്ററിന്‍റെ 1500 കാനുകള്‍ ഉപയോഗിച്ചു. വെള്ളം നിറയ്ക്കുന്നതിന് മുന്‍പ് കാനുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി അണുവിമുക്തമാക്കിയിരുന്നു. കാനുകള്‍ കാലിയാകുന്ന മുറയ്ക്ക് വെള്ളം നിറച്ചവ മുടക്കം കൂടാതെ ക്യാമ്പുകളില്‍ ലഭ്യമാക്കി. ജില്ലാ കേന്ദ്രത്തിലും പി.എച്ച് സബ് ഡിവിഷനുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും അതോറിറ്റി ഉദ്യോഗസ്ഥര്‍ ക്യാമ്പുകളില്‍ നേരിട്ടെത്തി ആവശ്യകത പരിശോധിച്ചുമാണ് ശുദ്ധജല വിതരണം നടത്തിയത്.