14 August, 2019 02:18:35 PM
കോട്ടയം നഗരത്തില്‍ ലോറി പത്തോളം വാഹനങ്ങളില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
കോട്ടയം: ദുരിതാശ്വാസ സഹായത്തിനുള്ള സാധനങ്ങളുമായി ഇടുക്കിയിൽ നിന്നും എത്തിയ ലോറി നിയന്ത്രണം വിട്ട് ലോഗോസ് ജംഗ്ഷനിൽ പത്തോളം വാഹനങ്ങളിലേയ്ക്ക് ഇടിച്ചിറങ്ങി. വാഹനയാത്രക്കാർക്ക് നേരിയ പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ലോഗോസ് ജംഗ്ഷനിലായിരുന്നു അപകടം. ഇടുക്കിയിൽ നിന്നും മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി എത്തിയതായിരുന്നു ലോറി.
സാധനങ്ങളുമായി ലോഗോസ് ജംഗ്ഷനിൽ നിന്നും പൊലീസ് പരേഡ് മൈതാനത്തിന്‍റെ ഭാഗത്തേയ്ക്കുള്ള റോഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ലോറി. ഇവിടെ നിന്നും ലോഡുമായി പുറപ്പെടുന്നതിനായി ലോറി സ്റ്റാർട്ട് ചെയ്തതോടെ ബ്രേക്ക് നഷ്ടമായ ലോറി താഴേയ്ക്കു ഉരുണ്ട് ഇറങ്ങുകയായിരുന്നു. ട്രാഫിക് ഐലൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഇറങ്ങിയോടി. ലോറി നിയന്ത്രണം വിട്ട് പാഞ്ഞടുക്കുന്നത് കണ്ട പൊലീസുകാരൻ ട്രാഫിക് ഐലൻഡിൽ നിന്നും ചാടി ഓടി രക്ഷപെടുകയായിരുന്നു. ഇതിനാൽ ഇദ്ദേഹം പരിക്കുകൾ കൂടാതെ രക്ഷപെട്ടു.
മുന്നിൽ നിന്നും എത്തിയ കാറിൽ ഇടിച്ചതിനു ശേഷം മുന്നോട്ടുരുണ്ട ലോറി നേരെയെത്തി റെയിൽവേ സ്‌റ്റേഷൻ റോഡിൽ നിന്നും എത്തിയ സൈലോ കാറിൽ ഇടിച്ചു. ഇവിടെ നിന്നും മുന്നോട്ട് ഉരുണ്ട് അഞ്ചു വാഹനങ്ങളിലും ഇടിച്ചു. തുടർന്ന് നേരെ താഴേയ്ക്ക് ഉരുണ്ടെത്തി ലോഗോസ് ജംഗ്ഷനിലെ ട്രാഫിക് ഐലൻഡ് ഇടിച്ചു തകർത്ത ശേഷം നിൽക്കുകയായിരുന്നു. ലോറിയ്ക്ക് വേഗം കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. വെള്ളപ്പൊക്ക പ്രദേശങ്ങളിലൂടെ വെള്ളത്തിൽ കയറിയിറങ്ങിയാണ് ലോറി കോട്ടയത്ത് എത്തിയത്. അതുകൊണ്ടു തന്നെ ലോറിയുടെ ടയറിനും ബ്രേക്കിനും ഇടയിലുള്ള ഭാഗത്ത് വെള്ളം നിറഞ്ഞിരുന്നു. ഇതിനാൽ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.