13 August, 2019 05:51:12 PM
ജില്ലാ നേതൃത്വം ഇടപെട്ടു; ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാനെതിരെ കോണ്‍ഗ്രസിന്‍റെ പടയൊരുക്കം പാളി
- സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാൻ കേരളാ കോൺഗ്രസ് (എം) പ്രതിനിധി ജോർജ് പുല്ലാട്ടിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ നീക്കിയ പടയൊരുക്കത്തില്‍ ഇടപെട്ട് യുഡിഎഫ് ജില്ലാ നേതൃത്വം. മുന്നണി ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്ന രീതിയിലുള്ള തമ്മിലടി അവസാനിപ്പിക്കണമെന്ന ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പിന്റെ നിര്‍ദ്ദേശത്തോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ നീക്കം ലക്ഷ്യം കാണാതെ പാളി. നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിന്‍റെ കസേര തെറിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കോണ്‍ഗ്രസ് അംഗങ്ങളുടെ നീക്കത്തിനാണ് യുഡിഎഫില്‍ നിന്ന് തിരിച്ചടി ലഭിച്ചത്.
ഒരു കോണ്‍ഗ്രസ് അംഗം പരിചയപ്പെടുത്തിയ യുവതിയുവാക്കള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി നല്‍കിയില്ലെന്ന പേരിൽ സെക്രട്ടറിയ്‌ക്കെതിരെ ഏതാനും അംഗങ്ങള്‍ സംഘടിച്ചതോടെയാണ് യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ തലപൊക്കിയത്. ചെയര്‍മാന്‍ സ്ഥലത്തില്ലാതിരുന്ന സമയത്ത് സെക്രട്ടറിയെ അവരുടെ കാബിനില്‍ തടഞ്ഞുവെച്ച നടപടിയിൽ കോണ്‍ഗ്രസ് അംഗങ്ങളോടൊപ്പം ചില പ്രതിപക്ഷ അംഗങ്ങളും ചേര്‍ന്നിരുന്നു. തന്നെ അറിയാക്കാതെ നടത്തിയ ഈ സമരമുറയോട് ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് തുടക്കം മുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് അതുവരെ ഒപ്പം നിന്ന കോൺഗ്രസ്, സി പി എം കൗൺസിലർമാരെ ചൊടിപ്പിച്ചത്.
ചെയര്‍മാന്റെ എതിര്‍പ്പ് അവഗണിച്ച് യുഡിഎഫിലെ ഏതാനും കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ ചില സിപിഎം അംഗങ്ങളുടെയും സ്വതന്ത്രരുടെയും സഹകരണത്തോടെ മറ്റ് കൗണ്‍സിലര്‍മാരെ സെക്രട്ടറിയ്‌ക്കെതിരെ അണിനിരത്താനും ശ്രമമുണ്ടായി. ഇതിനായി ഓഫീസ് സമയം കഴിഞ്ഞ് നഗരസഭാ വാഹനം ഉപയോഗിച്ചത് ഏറെ വിവാദത്തിനിടയാകുകയും ചെയ്തിരുന്നു. ഇതോടെ തന്റെ നിലപാട് കര്‍ശക്കശമാക്കിയ ചെയര്‍മാനെ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് താഴെയിറക്കുക എന്നതായി എതിരാളികളുടെ ലക്ഷ്യം.
ഇതിനിടെ വൈസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ മേല്‍ഘടകങ്ങളില്‍ വിഷയം അവതരിപ്പിച്ചു. ഏറ്റുമാനൂരിലെ ചില കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും നഗരസഭയിലെ പ്രശ്‌നങ്ങള്‍ ഡിസിസിയെ അറിയിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച നഗരസഭാ ചെയര്‍മാനെയും കോണ്‍ഗ്രസ് പ്രതിനിധികളായ കൗണ്‍സിലര്‍മാരെയും യുഡിഎഫ് ചര്‍ച്ചയ്ക്ക് വിളിച്ചത്. ഡിസിസി പ്രസിഡന്റ് ജോഷ് ഫിലിപ്പും കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
തന്നോട് ആലോചിക്കാതെ സെക്രട്ടറിയെ തടഞ്ഞുവെക്കുകയും മറ്റും ചെയ്ത യുഡിഎഫ് മുന്നണിയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാടിനെ എതിര്‍ത്തുകൊണ്ടായിരുന്നു നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് ചര്‍ച്ചയില്‍ സംസാരിച്ചത്. നേതൃത്വം ഇത് ശരിവെച്ചുവത്രേ. സെക്രട്ടറിയോടുള്ള അഭിപ്രായവ്യത്യാസം മുന്നണിയുടെ കെട്ടുറപ്പിന് തടസമായി തീരുന്ന രീതിയില്‍ പ്രകടിപ്പിച്ച കോണ്‍ഗ്രസ് അംഗങ്ങളെ ഡിസിസി പ്രസിഡന്റ് ശാസിക്കുകയും ചെയ്തു. ഇനിമേല്‍ ഇത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ നഗരസഭയില്‍ ഉണ്ടാവരുതെന്നും മുന്നണി ഒറ്റകെട്ടായി മുന്നോട്ടു പോകണമെന്നും അംഗങ്ങളോട് താൻ നിര്‍ദ്ദേശിച്ചതായി ജോഷി ഫിലിപ്പ് പറഞ്ഞു.
സെക്രട്ടറിക്കും സൂപ്രണ്ടിനുമെതിരെ 19 ആരോപണങ്ങള്‍ ഉന്നയിച്ച് 20 അംഗങ്ങളുടെ ഒപ്പ് ശേഖരിച്ച് കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം 12 പേരുടെ വിയോജനക്കുറിപ്പോടെ പരാജയപ്പെട്ടിരുന്നു. പ്രമേയത്തിൽ ഒപ്പിട്ട ഒമ്പത് അംഗങ്ങൾ അവസാനനിമിഷം സെക്രട്ടറിയെ അനുകൂലിക്കുകയായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളെ കൂടാതെ രണ്ട് സിപിഎം അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് പ്രമേയം പരാജയപ്പെടുന്നു എന്ന് കണ്ടപ്പോള്‍ വിയോജനക്കുറിപ്പ് എഴുതിയത്. ഇതിന് ശേഷമാണ് ഇവര്‍ മേല്‍ഘടകങ്ങളെ സമീപിക്കാന്‍ തീരുമാനിച്ചത്.
പുതിയ നഗരസഭയായ ഏറ്റുമാനൂരില്‍ ജോര്‍ജ് പുല്ലാട്ട് നാലാമത് ചെയര്‍മാനാണ്. യുഡിഎഫിലെ ധാരണപ്രകാരം കോണ്‍ഗ്രസിനാണ് അവസാന ഒരു വര്‍ഷം. അതു കൂടിയാവുമ്പോള്‍ അഞ്ച് വര്‍ഷം അഞ്ച് ചെയര്‍മാന്‍മാര്‍ ഭരിച്ച നഗരസഭ എന്ന പേരും ഏറ്റുമാനൂരിന് വന്നുചേരും. 35 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് - 9, കേരളാ കോണ്‍ഗ്രസ് - 5, ബിജെപി - 5, സിപിഎം - 11, സിപിഐ - 1, സ്വതന്ത്രര്‍ -4 എന്നിങ്ങനെയാണ് കക്ഷിനില.