12 August, 2019 01:09:18 PM
വീടുവിട്ട് ഇറങ്ങണമെന്ന് പി.സി.ജോര്‍ജ്: അപേക്ഷ പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, തീക്കോയി പ്രദേശങ്ങളിലുള്ളവരോട്
ഈ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, തീക്കോയി പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളിലുള്ളവര്‍ വീടുവിട്ട് ഇറങ്ങണമെന്ന് പി.സി.ജോര്‍ജ് എംഎല്‍എയുടെ അപേക്ഷ. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം ഈ പ്രദേശങ്ങളില്‍ ഒരാള്‍ പോലും 14, 15 തീയതികളില്‍ സ്വന്തം വീടുകളില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് അദ്ദേഹം ശബ്ദസന്ദേശത്തിലൂടെ അറിയിക്കുന്നത്.
ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന ഈ പ്രദേശത്ത് നിന്നും ആളുകള്‍ നിര്‍ബന്ധമായും ബന്ധുവീടുകളിലേക്കോ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്നും അതില്‍ വലിപ്പചെറുപ്പം നോക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. 1994ല്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ അടിവാരത്ത് 106 ഉരുളുകള്‍ പൊട്ടിയതായും മണ്ണിടിഞ്ഞ് അസ്ഥിരമായ ഈ പ്രദേശത്ത് ഉരുള്‍പൊട്ടലിനുള്ള സാധ്യത വളരെ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൈരളി വാര്‍ത്തയോട് പറഞ്ഞു.