11 August, 2019 08:27:39 PM


ഏറ്റുമാനൂരില്‍ 5300 ഏക്കര്‍ നെല്‍കൃഷി വെള്ളത്തില്‍; പ്രളയത്തിൽ വൻ കൃഷി നാശം



കോട്ടയം: ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്ത് അതിര്‍ത്തികളിലായി വെള്ളത്തിനടിയിലായത് 5300 ഏക്കര്‍ പാടശേഖരത്തെ നെല്‍കൃഷി. ഇതില്‍ 4100 ഏക്കര്‍ പാടം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. തിരുവാര്‍പ്പ്, ആര്‍പ്പൂക്കര, അയ്മനം പ്രദേശത്താണ് പ്രളയം ഏറെ നാശം വിതച്ചിരിക്കുന്നത്. മടവീഴ്ച നിയന്ത്രിക്കാനാവാതെ വന്നതും പാടത്ത് കയറിയ വെള്ളം വറ്റിക്കാന്‍ വൈദ്യുതി ലഭ്യമാകാതിരുന്നതും നാശനഷ്ടത്തിന്‍റെ ആക്കം കൂട്ടി.

തിരുവാര്‍പ്പില്‍ 650 ഏക്കറിലായുള്ള നാല് പാടശേഖരങ്ങളും പൂര്‍ണ്ണമായി വെള്ളത്തിനടിയിലാണ്. വെള്ളത്തള്ളലില്‍ രണ്ട് പുറംബണ്ടുകള്‍ പൊട്ടിയതാണ് ഇവിടെ ഏറെ നാശനഷ്ടത്തിന് കാരണമായത്. ആര്‍പ്പൂക്കര പഞ്ചായത്തില്‍ 2000 ഏക്കര്‍ പാടശേഖരമാണ് വെള്ളത്തിനടിയിലായത്. അതായത് 12 പാടശേഖരങ്ങള്‍. ഇവിടെ ഒരു പുറംബണ്ട് പൊട്ടി. അയ്മനത്ത് രണ്ട് ബണ്ടുകള്‍ പൊട്ടിയപ്പോള്‍ പൂര്‍ണ്ണമായി വെള്ളത്തിലായത് 1000 ഏക്കറിലുള്ള 22 പാടശേഖരങ്ങള്‍.


കുമരകത്ത് 425 ഏക്കറിലെ മൂന്ന് പാടശേഖരങ്ങള്‍ പൂര്‍ണ്ണമായും 875 ഏക്കറിലെ ഏഴ് പാടശേഖരങ്ങള്‍ ഭാഗികമായും വെള്ളത്തിനടിയിലായി. നീണ്ടൂരില്‍ 315 ഏക്കറിലായി മൂന്ന് പാടശേഖരങ്ങള്‍ ഭാഗികമായി വെള്ളത്തിലാണ്. ഏറ്റുമാനൂരില്‍ പാടശേഖരങ്ങള്‍ വെള്ളത്തിലാണെങ്കിലും നെല്‍കൃഷി ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം പച്ചക്കറി, വാഴ കൃഷികള്‍ക്ക് വ്യാപകമായ രീതിയില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ 50 ഏക്കറോളം സ്ഥലത്ത് പച്ചക്കറിയും പതിനായിരത്തില്‍ താഴെ വാഴയും നശിച്ചതായാണ് പ്രാഥമിക കണക്കുകള്‍. അതേസമയം, വെള്ളമിറങ്ങിയ ശേഷം മാത്രമേ കൃഷിനാശം കൃത്യമായി വിലയിരുത്താന്‍ സാധിക്കൂ എന്ന് അസിസ്റ്റന്‍റ് കൃഷി ഡയറക്ടർ ആൻറണി ജോർജ് പറഞ്ഞു. എങ്കിലും എല്ലാ കൃഷിഭവനില്‍ നിന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ മേല്‍ഘടകങ്ങളിലേക്ക് അയച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K