09 August, 2019 06:58:33 PM
മഴക്കെടുതി: കോട്ടയം ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ നാളെ പ്രവര്‍ത്തിക്കും; കളക്ഷന്‍ സെന്റര് ആരംഭിച്ചു
കോട്ടയം: മഴക്കെടുതി നേരിടുന്നതിനായി കോട്ടയം ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും ഓഗസ്റ്റ് 10ന് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാമഗ്രികള്‍ എത്തിക്കുന്നതിനായി കളക്ട്രേറ്റില്‍ കളക്ഷന്‍ സെന്റര് ആരംഭിച്ചു. കൊതുകു വല, പായ, പുതപ്പ് എന്നിവയാണ് കളക്ഷന്‍ സെന്ററില്‍ സമാഹരിക്കുന്നത്. പുതിയവ തന്നെ എത്തിക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും പോലീസ് പട്രോളിംഗ് നടത്തും. 25 പേരില്‍ കൂടുതല്‍ താമസിക്കുന്ന ക്യാമ്പുകളില്‍ രാത്രികാലങ്ങളില്‍ വനിതാ പോലീസിന്‍റെ സേവനം ഉറപ്പാക്കും. മഴക്കെടുതിയുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന അപടകങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
മലയോരമേഖലയിലേക്കുള്ള വിനോദയാത്രകള്‍ ഒഴിവാക്കണം. നദീതീരത്തും വെള്ളക്കെട്ടുകള്‍ക്കു സമീപവും സാഹസികമായി സെല്‍ഫി എടുക്കരുത്. കുട്ടികള്‍ വെള്ളക്കെട്ടിനടുത്ത് പോകുന്നത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളത്തിലൂടെ ഒഴുകുന്ന തടികളും മറ്റും എടുക്കുക്കാന്‍ ശ്രമിക്കരുത്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങളില്‍ കൂടിനിന്ന് രക്ഷാ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കരുത്.